ഹൗസിംഗ്‌ഡോട്ട്‌കോമിൽ സോഫ്റ്റ് ബാങ്കിന് 30 ശതമാനം ഓഹരിപങ്കാളിത്തം

Posted on: November 19, 2014

Housing.com-Big

മുംബൈ സ്റ്റാർട്ടപ്പ് കമ്പനിയായ ഹൗസിംഗ് ഡോട്ട്‌കോമിൽ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് 30 ശതമാനം ഓഹരിപങ്കാളിത്തം നേടി. 1,500 കോടി രൂപ മൂല്യമുള്ള ഹൗസിംഗ് ഡോട്ട്‌കോമിൽ 70 മില്യൺ ഡോളറാണ് (43.2 കോടി രൂപ) സോഫ്റ്റ് ബാങ്കിന്റെ നിക്ഷേപം.

ഒരു മാസത്തിനിടെ ഇന്ത്യയിൽ സോഫ്റ്റ് ബാങ്ക് നടത്തുന്ന നാലാമത്തെ നിക്ഷേപമാണിത്. സ്‌നാപ്ഡീലിൽ 3,800 കോടി (627 മില്യൺ ഡോളർ) രൂപയാണ് നിക്ഷേപിച്ചത്. മീഡിയ സ്റ്റാർട്ടപ്പായ സ്‌കൂപ്പ് വൂപ്പിലും ഓൺലൈൻ റെന്റ് എ കാർ കമ്പനിയായ ഒലകാബ്‌സിലും സോഫ്റ്റ് ബാങ്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ 10 ബില്യൺ (61,000 കോടി രൂപ) ഡോളറിന്റെ മൂലധനനിക്ഷേപമാണ് സോഫ്റ്റ് ബാങ്ക് ലക്ഷ്യമിടുന്നത്.

മുംബൈ ഐഐടിയിൽ നിന്നുള്ള ഒരു സംഘം എൻജിനീയറിംഗ് ബിരുദധാരികളാണ് രണ്ടു വർഷം മുമ്പ് റിയൽഎസ്റ്റേറ്റ് പോർട്ടലായ ഹൗസിംഗ് ഡോട്ട്‌കോം ആരംഭിച്ചത്. രാജ്യത്തെ ഇരുപതോളം നഗരങ്ങളിൽ വാങ്ങാനും വിൽക്കാനുമുള്ള വീടുകളും ഫ്‌ലാറ്റും ഭൂമിയും ഹൗസിംഗ്‌ഡോട്ട്‌കോം യഥാർത്ഥ ചിത്രങ്ങളോടെ അവതരിപ്പിക്കുന്നു. പുതിയ പദ്ധതികളെയും ഏജന്റുമാരെയും കുറിച്ച് ഇടപാടുകാർക്ക് ഇതേ പ്ലാറ്റ്‌ഫോമിൽ നിന്ന് അറിയാനാവും.