ഡോ. ഡി. ബാബുപോള്‍ അന്തരിച്ചു

Posted on: April 13, 2019

 

തിരുവനന്തപുരം : അഡീഷണല്‍ ചീഫ് സെക്രട്ടറിയും, എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡി. ബാബുപോള്‍ (78) അന്തരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദ്രോഗബാധിതനായി ചികില്‍സയിലായിരുന്നു. രാവിലെ 9 മണിക്ക് മൃദദേഹം പുന്നന്‍ റോഡിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. 12 മണിക്ക് കുറവന്‍കോണം മമ്മീസ് കോളനിയിലെ വസതിയില്‍ എത്തിക്കും.

നാളെ നാലുമണിക്ക് പെരുമ്പാവൂരിനടത്ത് കുറുപ്പംപടി യാക്കോബായ പള്ളിയില്‍ സംസ്‌ക്കാരം.
ഭാര്യ : പരേതയായ അന്ന ബാബു പോള്‍ (നിര്മല). മക്കള്‍ : മറിയം ജോസഫ് (നീബ), ചെറിയാന്‍ സി. പോള്‍ (നിബു), മരുമക്കള്‍ : മുന്‍ ഡിജിപി എം. കെ ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡിജിപി സി.എ. ചാലിയുടെ മകള്‍ ദീപ. മുന്‍ വ്യോമയാന സെക്രട്ടറിയും യുപുഎസ്സി അംഗവും ആയിരുന്ന കെ. റോയ് പോള്‍ സഹോദരനാണ്. എറണാകുളം കുറുപ്പുംപടി ചീരോത്തോട്ടില്‍ പി. എ. പൗലോസ് കോറെപ്പിസ് കോപ്പയുടെയും മേരിപോളിന്റെയും മകനാണ്.

ഇടുക്കി കളക്ടര്‍ പദവിയിലിരിക്കെ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജല വൈദ്യുതപദ്ധതി പൂര്‍ത്തിയാക്കിയതാണു വലിയ ഭരണനേട്ടങ്ങളിലൊന്ന്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്ന നിലയിലും ധനം, പൊതുവിദ്യാഭ്യാസം ടൂറിസം, സാംസ്‌ക്കാരിക വകുപ്പുകളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.