ലുലു ഗ്രൂപ്പ് നൈജീരിയയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു

Posted on: April 11, 2019

കൊച്ചി : ലുലു ഗ്രൂപ്പ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ലോജിസ്റ്റ്ക് കാര്‍ഷിക മേഖലയില്‍ നിക്ഷേപിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. ദുബായില്‍ ആരംഭിച്ച നിക്ഷേപക സംഗമത്തിനിടെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഇതു സംബന്ധിച്ച ചര്‍ച്ച നടന്നത്. നിക്ഷേപമിറക്കി കുറഞ്ഞ കാലയളവിനുള്ളില്‍ ആദായം ലഭിക്കുന്നതിനുള്ള സാഹചര്യമാണ് രാജ്യത്തിന് നിലവിലുള്ളതെന്നും നിക്ഷേപകര്‍ക്ക് അനുയോജ്യമായ വിവിധ മേഖലകളില്‍ സാധ്യതകളാണ് നിലനില്‍ക്കുന്നതെന്നും യൂസഫിലിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രസിഡന്റ് പറഞ്ഞു.

ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തന രീതികളെപ്പറ്റി യൂസഫലി നൈജീരിയന്‍ പ്രസിഡന്റിന് വശദീകരിച്ചു കൊടുത്തു. നൈജീരിയന്‍ കര്‍ഷകരുമായി ചേര്‍ന്ന് ഗ്രൂപ്പ് ഫാമിങ്ങ് നടത്തുന്നതിനും യൂസഫലി താത്പര്യം പ്രകടിപ്പിച്ചു. ഇതിലൂടെ നൈജീരിയന്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുളള കാര്‍ഷികോത്പന്നങ്ങള്‍ ഗ്രൂപ്പ്രിന്റെ വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വിപണനം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രൂപ്പിന്റെ ഉന്നതതല സംഘം അടുത്തുതന്നെ നൈജീരിയ സന്ദര്‍ശിച്ച് അധികൃതരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും യൂസഫലി പ്രസിഡന്റിനെ അറിയിച്ചു.

നൈജീരിയയിലെ റീട്ടെയില്‍ ലോജിസ്റ്റിക് മേഖലയില്‍ നിക്ഷേപം നടത്തുന്നതിനോടൊപ്പം കാര്‍ഷിക മേഖലയില്‍ ഉത്പന്ന സംഭരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് ചര്‍ച്ചകള്‍ക്കു ശേഷം നൈജീരിയന്‍ വിദേശകാര്യ മന്ത്രി ജെഫ്രി ഒന്യാമ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളായ ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ലുലു ഗ്രൂപ്പിന് ലോജിസ്റ്റിക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റുകളുണ്ട്.
കൂടിക്കാഴ്ചയില്‍ നൈജീരിയയിലെ യു. എ. ഇ. യിലെ നൈജീരിയന്‍ സ്ഥാനപതി മുഹമ്മദ് റിമി, നൈജീരിയയിലെ ജിഗാവ പ്രവിശ്യ ഗവര്‍ണര്‍ അബൂബക്കര്‍ ബഹാരു, ലുലു ഗ്രൂപ്പ് സി.ഒ.ഒ. വി. ഐ. സലീം, ഡയറക്ടര്‍ എം. എ. സലീം എന്നിവരും സംബന്ധിച്ചു.