രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും

Posted on: March 23, 2019

ന്യൂഡൽഹി : കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി യുപിയിലെ അമേഠിക്കു പുറമെ വയനാട്ടിൽ നിന്നും ലോകസഭയിലേക്ക് മത്സരിക്കും. പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി ഹൈക്കമാൻഡ് തീരുമാനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ചറിയിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മൻ ചാണ്ടി അറിയിച്ചു.

പാണക്കാട് ഹൈദരലി തങ്ങൾ കോൺഗ്രസ് തീരുമാനത്തെ സ്വാഗതം ചെയ്തു. രാഹുൽ ഗാന്ധി വരുന്നതോടെ യുഡിഎഫ് 20 സീറ്റും തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധി എത്തുന്ന സാഹചര്യത്തിൽ ടി. സിദ്ധീഖ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻമാറും. 2014 ൽ എം ഐ ഷാനവാസ് 20,870 വോട്ടിന്റ ഭൂരിപക്ഷത്തിനാണ് വയനാട്ടിൽ നിന്നും വിജയിച്ചത്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, വണ്ടൂർ, നിലമ്പൂർ, തിരുവമ്പാടി, ഏറനാട് എന്നീ നിയമസഭാ മണ്ഡലങ്ങളാണ് വയനാട് ലോകസഭ മണ്ഡലത്തിലുള്ളത്.