ആഭ്യന്തര വിമാനയാത്രക്കാർ ഫെബ്രുവരിയിൽ 1.13 കോടി പേർ

Posted on: March 22, 2019

ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 5.62 ശതമാനം വർധിച്ച് 1.13 കോടിയായി. ഇൻഡിഗോ 49.31 ലക്ഷം യാത്രക്കാരുമായി ഒന്നാം സ്ഥാനത്തുണ്ട്. സ്‌പൈസ്‌ജെറ്റ് 15.58 ലക്ഷം യാത്രക്കാരുമായി രണ്ടാം സ്ഥാനത്തും എയർ ഇന്ത്യ 14.53 ലക്ഷം യാത്രക്കാരുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ജെറ്റ് എയർവേസ് (11.33 ലക്ഷം), ഗോ എയർ (10.88 ലക്ഷം), എയർ ഏഷ്യ (5.83 ലക്ഷം), വിസ്താര (4.52 ലക്ഷം) എന്നീ വിമാനക്കമ്പനികളാണ് തൊട്ടുപിന്നിലുള്ളത്.

പാസഞ്ചർ ലോഡ്ഫാക്ടറിൽ സ്‌പൈസ്‌ജെറ്റ് (94 ശതമാനം) ആണ് ഒന്നാം സ്ഥാനത്തുള്ളത്. ഗോ എയർ (92.6 ശതമാനം), എയർ ഏഷ്യ (91.8 ശതമാനം), ജെറ്റ് എയർവേസ് (89.4 ശതമാനം) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.

ഓൺടൈം പെർഫോമൻസിൽ ഗോ എയർ (86.3 ശതമാനം), വിസ്താര (81.6 ശതമാനം), സ്‌പൈസ്‌ജെറ്റ് (77.1 ശതമാനം), എന്നിവയാണ് മുൻനിരയിലുള്ളത്.

വിമാനം വൈകലും കാൻസലേഷനും നഷ്ടപരിഹാരമായി ഫെബ്രുവരിയിൽ 2.8 ലക്ഷം യാത്രക്കാർക്ക് 3.29 കോടി രൂപ വിതരണം ചെയ്തു.