വിപ്രോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 52,750 കോടി കൂടി നൽകും

Posted on: March 15, 2019

ബംഗലുരു : രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായ വിപ്രോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 52,750 കോടി രൂപ കൂടി നൽകും. അസീം പ്രേംജി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായി വിപ്രോയുടെ 34 ശതമാനം ഓഹരികൾ നീക്കിവെച്ചതായി ചെയർമാൻ അസീം പ്രേംജി പറഞ്ഞു. നേരത്തെ നീക്കിവെച്ച 33 ശതമാനം ഓഹരികൾക്ക് പുറമെയാണിത്. ഇതോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഓഹരികളുടെ മൊത്തം മൂല്യം 1,45,000 കോടിയായി. വിപ്രോയിൽ അസീം പ്രേംജിക്ക് 74.3 ശതമാനം ഓഹരിപങ്കാളിത്തമാണുള്ളത്. ഇതിൽ 67 ശതമാനം അസീം പ്രേംജി ഫൗണ്ടേഷന്റെ നിയന്ത്രണത്തിലാണ്.

ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ് അസീം പ്രേംജി ഫൗണ്ടേഷൻ സഹായം നൽകുന്നത്. കർണാടക, രാജസ്ഥാൻ, ഉത്തരഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലുങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മൂന്നരലക്ഷം സ്‌കൂളുകൾ അസീം പ്രേംജി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്നു. ബംഗലുരുവിലെ അസീം പ്രേംജി യൂണിവേഴ്‌സിറ്റിയും ഫൗണ്ടേഷന്റെ ഭാഗമാണ്.