ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 23 ന്, വോട്ടെണ്ണൽ മെയ് 23 ന്

Posted on: March 10, 2019

ന്യൂഡൽഹി : ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടമായി ലോകസഭ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ഫലപ്രഖ്യാപനം മെയ് 23 നടത്തും. കേരളത്തിൽ ഏപ്രിൽ 23 ന് ആണ് വോട്ടെടുപ്പ്. മാർച്ച് 28 മുതൽ ഏപ്രിൽ നാലു വരെ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. ഏപ്രിൽ 5 ന് സൂക്ഷമപരിശോധന നടത്തും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 8 ആണ്. കേരളത്തിൽ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ലക്ഷദ്വീപിൽ ഏപ്രിൽ 11 ന് ആണ് തെരഞ്ഞെടുപ്പ്.

ഏപ്രിൽ 11 ന് 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിലും ഏപ്രിൽ 18 ന് 97 മണ്ഡലങ്ങളിലും ഏപ്രിൽ 23 ന് കേരളം ഉൾപ്പടെ 115 മണ്ഡലങ്ങളിലും ഏപ്രിൽ 29 ന് 71 മണ്ഡലങ്ങളിലും മെയ് ആറിന് 51 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. മെയ് 12 നും 19 നും 59 സീറ്റുകളിൽ വീതവുമാണ് തെരഞ്ഞെടുപ്പ്.

രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു. പത്ത് ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്തുള്ളത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് നടപ്പാക്കും. ലോകസഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പില്ല. അതിനാൽ കാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പ് വൈകും. വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.