അഡ്‌നോക്ക് കേരളത്തില്‍ നിക്ഷേപം നടത്തും

Posted on: February 14, 2019

അബുദാബി : കൊച്ചിയിലെ പെട്രോകെമിക്കല്‍ കോംപ്ലക്‌സില്‍ യു എ ഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്ക്) നിക്ഷേപിക്കാന്‍ സാധ്യതയൊരുങ്ങുന്നു.

അബുദാബിയില്‍ അഡ്‌നോക്ക് ഗ്രൂപ്പ് കമ്പനി സി ഇ ഒയുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് നിക്ഷേപ സന്നദ്ധത അറിയിച്ചത്. ഇതിനായി ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാനും ധാരണയായി. നിക്ഷേപ സാധ്യതകളെക്കുറിച്ച് സമിതി പഠനം നടത്തും. ഇതിനു ശേഷം ഡോ. സുല്‍ത്താന്‍ അഹ്മദ് ജാബറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി നടപടികള്‍ സ്വീകരിക്കാനും ധാരണയായി.

പെട്രോളിയം മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യ തങ്ങളുടെ പ്രഥമ പരിഗണനയിലാണെന്നും ഏറെ സാധ്യതകളാണ് ഈ രംഗത്ത് ഇന്ത്യയിലുള്ളതെന്നും സുല്‍ത്താന്‍ ജാബര്‍ പറഞ്ഞു. കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ നിക്ഷേപം നടത്താന്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിക്ഷേപത്തിനനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. പെട്രോളിയം മേഖലയിലെ വികസനത്തിനാവശ്യമായ സ്ഥലസൗകര്യം കൊച്ചിയില്‍ ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, അഡ്‌നോക് ആക്ടിംഗ് സി ഇ ഒ മുഹമ്മദ് അല്‍ അര്‍യാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.