വികസനം തുടർപ്രക്രിയ ; തൊഴിലവസരങ്ങൾ വർധിക്കുമെന്ന് ടി കെ എ നായർ

Posted on: February 13, 2019

കൊച്ചി : കേരളം മുന്നോട്ട് പോകണമെങ്കിൽ ഇന്ത്യ വളരണമെന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ടി കെ എ നായർ ഐഎഎസ്. ബിസിനസ്ഓൺലൈവ് ഡോട്ട്‌കോം കൊച്ചിയിൽ കേരള ബിസിനസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

കേരളത്തിന് മാത്രമായി വളരാനാകില്ല. ഇന്ത്യ വളരുന്നതോടൊപ്പം കേരളവും വളരും. എല്ലാ മേഖലകളെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോയാലെ സമഗ്ര വികസനം സാധ്യമാകൂ. രാജ്യത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും നിവാരണം ചെയ്യാൻ വികസനം അനിവാര്യമാണ്. വളർച്ച കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ഒരു ദിവസം തുടങ്ങി മറ്റൊരു ദിവസം അവസാനിക്കുന്നതല്ല വികസനം. അതൊരു തുടർപ്രക്രിയയാണ്. നല്ല മനുഷ്യരുണ്ടായാലെ നല്ല വിപണിയുണ്ടാകുകയുള്ളുവെന്നും ടി കെ എ നായർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്ന ഡോ. വി. എ. ജോസഫ് അധ്യക്ഷതവഹിച്ചു.

കാത്തലിക് സിറിയൻ ബാങ്ക് മുൻ ചെയർമാൻ ടി. എസ്. അനന്തരാമൻ (ലൈഫ്‌ടൈം അച്ചീവ്‌മെന്റ്), ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പോൾ തോമസ് (ബാങ്കിംഗ് പ്രഫഷണൽ ഓഫ് ദ ഇയർ) എന്നിവർക്ക് ബിസിനസ്ഓൺലൈവ് എക്‌സലൻസ് അവാർഡുകൾ ടി കെ എ നായർ ഐഎഎസ് സമ്മാനിച്ചു.

കേരള ബിസിനസ് സമ്മിറ്റിനോട് അനുബന്ധിച്ച് കേരളം @ 2030 എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പാനൽ ചർച്ചയിൽ കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന എസ് ആർ നായർ, ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ, വ്യവസായി കെ. എ. മുഹമ്മദ് സലീം. തുടങ്ങിയവർ പങ്കെടുത്തു. ബിസിനസ്ഓൺലൈവ്‌ഡോട്ട്‌കോം എഡിറ്റർ ലിപ്‌സൺ ഫിലിപ്പ് സ്വാഗതവും സിഇഒ ജോബിൻ ജോസ് നന്ദിയും പറഞ്ഞു.

ഗോശ്രീ ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജയകുമാർ പി.ജി, മാനേജിംഗ് ഡയറക്ടർ ജഗദീശൻ ടി എസ്, ആൻസൺ ഫിൻകോർപ് മാനേജിംഗ് ഡയറക്ടർ റെജി ജേക്കബ്, അക്യുമെൻ കാപ്പിറ്റൽ ഡയറക്ടർ ജിബി മാത്യു, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ് മുൻ മാനേജിംഗ് ഡയറക്ടർ കെ. വി. വർക്കി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സമ്മിറ്റിൽ പങ്കെടുത്തു.