ടി എസ് അനന്തരാമനും പോൾ തോമസിനും ബിസിനസ്ഓൺലൈവ് അവാർഡ്

Posted on: February 11, 2019

കൊച്ചി : കാത്തലിക് സിറിയൻ ബാങ്ക് മുൻ ചെയർമാൻ ടി എസ് അനന്തരാമനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പോൾ തോമസിനും ബിസിനസ്ഓൺലൈവ് അവാർഡ്. സാമ്പത്തിക മേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾ ടി.എസ് അനന്തരാമനെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡിനും ബാങ്കിംഗ് രംഗത്തെ മാനേജ്‌മെന്റ് വൈദഗ്ധ്യം പരിഗണിച്ചാണ് കെ. പോൾ തോമസിന് ബാങ്കിംഗ് പ്രൊഫഷണൽ ഓഫ് ദ ഇയർ പുരസ്‌കാരത്തിനും തെരഞ്ഞെടുത്തത്. ബിസിനസ്ഓൺലൈവ് ഡോട്ട്‌കോം ഫെബ്രുവരി 12 ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന കേരള ബിസിനസ് സമ്മിറ്റിൽ അവാർഡുകൾ സമ്മാനിക്കും.

തൃശൂർ ആസ്ഥാനമായുളള കാത്തലിക് സിറിയൻ ബാങ്കിനെ തളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് കൈപിടിച്ചുയർത്തിയതാണ് അനന്തരാമന്റെ എടുത്തുപറയേണ്ട നേട്ടം. ബാങ്കിലേക്ക് 1,200 കോടിയുടെ മൂലധന നിക്ഷേപം കൊണ്ടുവന്നത് അനന്തരാമന്റെ നേതൃത്വത്തിലാണ്. ആഗോള നിക്ഷേപ സ്ഥാപനമായ ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിനെ കൊണ്ട് ബാങ്കിൽ മൂലധന നിക്ഷേപം നടത്താൻ അദേഹം മുൻകൈയെടുത്തു. ചെറുതും വലുതുമായ ഒട്ടേറെ കമ്പനികളിൽ മൂലധന നിക്ഷേപം നടത്തിയിട്ടുള്ള അദേഹത്തിന്റെ നിക്ഷേപ തന്ത്രങ്ങൾ അനുകരണീയമാണെന്ന് ജൂറി വിലയിരുത്തി.

പാർശ്വവത്കരിക്കപ്പെട്ട വലിയൊരു ജനവിഭാഗത്തിന് മുഖ്യധാര ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിൽ പോൾ തോമസും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും വിജയിച്ചുവെന്ന് ജൂറി കണ്ടെത്തി. കേരളം ഉൾപ്പടെ രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്നതിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളെയും ദുർബല വിഭാഗങ്ങളെയും സംരംഭകത്വത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിലും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മുൻപന്തിയിലാണെന്ന് ജൂറി ചൂണ്ടിക്കാട്ടി.

പ്രശസ്ത പത്രപ്രവർത്തകനും ഇക്‌ണോമിക് ടൈംസ് മുൻ ബ്യൂറോ ചീഫുമായ എസ്. സനന്ദകുമാർ, ഐടി സംരംഭകനായ ജോബിൻ ജോസ്, ബിസിനസ്ഓൺലൈവ് ഡോട്ട്‌കോം എഡിറ്റർ ലിപ്‌സൺ ഫിലിപ്പ് തുടങ്ങിയവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.