വിപണിമൂല്യത്തിൽ എച്ച്ഡിഎഫ്‌സി ഗ്രൂപ്പ് ഒന്നാമത്

Posted on: December 27, 2018

മുംബൈ : ഓഹരികളുടെ വിപണിമൂല്യത്തിൽ എച്ച്ഡിഎഫ്‌സി ഗ്രൂപ്പ് രാജ്യത്ത് ഒന്നാമത് എത്തി. ടാറ്റാ ഗ്രൂപ്പിനെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. ഡിസംബർ 26 ന് അഞ്ച് കമ്പനികളടങ്ങുന്ന എച്ച്ഡിഎഫ്‌സി ഗ്രൂപ്പിന്റെ വിപണിമൂല്യം 10.40 ലക്ഷം കോടി രൂപയായി. ടാറ്റാ ഗ്രൂപ്പിനെക്കാൾ 1,185 കോടി രൂപ അധികമാണിതെന്ന് ബ്ലൂംബെർഗ് വിലയിരുത്തി. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട 30 കമ്പനികളാണ് ടാറ്റാ ഗ്രൂപ്പിലുള്ളത്.

മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പാണ് മൂന്നാം സ്ഥാനത്തുള്ളത്. വിപണിമൂല്യം 7.06 ലക്ഷം കോടി രൂപ. ടിസിഎസിന്റെയും ടാറ്റാ മോട്ടോഴ്‌സിന്റെയും ഓഹരിവിലയിലുണ്ടായ ഇടിവാണ് വിപണിമൂല്യത്തിൽ ടാറ്റാ ഗ്രൂപ്പിനെ പിന്നോട്ടടിച്ചത്.