മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാർ

Posted on: December 12, 2018

ന്യൂഡൽഹി : കോൺഗ്രസ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും മുഖ്യമന്ത്രി പദത്തിന് വേണ്ടി രംഗത്തുണ്ട്. കേവല ഭൂരിപക്ഷമില്ലാത്തതിനാൽ അശോക് ഗെലോട്ടിനാണ് മുൻഗണന. എഐസിസി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിന് ആണ് സർക്കാർ രൂപീകരിക്കാനുള്ള ചുമതല. 199 അംഗ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് 99 അംഗങ്ങളുടെ പിന്തുണയെയുള്ളു. ബിജെപി 73 ഉം മറ്റുള്ളവർ 27 ഉം സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്.

മധ്യപ്രദേശിൽ കമൽനാഥും ജോതിരാദിത്യ സിന്ധ്യയുമാണ് മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ അഭിപ്രായ സമന്വയമുണ്ടാക്കാൻ കോൺഗ്രസ് നിർവാഹക സമിതി അംഗം എ.കെ.ആന്റണിയെ ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ട്. മധ്യപ്രദേശിൽ നിയമസഭയിലെ 230 അംഗങ്ങളിൽ കോൺഗ്രസിന് 114 പേരുടെ പിന്തുണയെയുള്ളു. ബിജെപി 109 ഉം ബിഎസ്പി 2 ഉം മറ്റുള്ളവർ 5 ഉം സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്.

ഛത്തീസ്ഗഡിലെ 90 സീറ്റിൽ 67 ഇടത്തും വിജയിച്ച കോൺഗ്രസിന് മറ്റാരുടെയും പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കാനാകും. ബിജെപി 15 സീറ്റിൽ ഒതുങ്ങി. ജെസിസി 7 സീറ്റുകളിൽ വിജയിച്ചു.

തെലുങ്കാന നിയമസഭയിലെ 119 സീറ്റുകളിൽ ടിആർഎസ് 95 സീറ്റുകളിൽ വിജയിച്ചു. കെ. ചന്ദ്രശേഖര റാവു രണ്ടാം തവണയും മുഖ്യമന്ത്രിയാകും. കോൺഗ്രസ് – ടിഡിപി സഖ്യത്തിന് 21 സീറ്റുകൾ മാത്രമെ നേടാനായുള്ളു.

മിസോറാമിൽ 26 സീറ്റ് നേടി എംഎൻഎഫ് അധികാരത്തിൽ എത്തി. ഭരണകക്ഷിയായിരുന്ന കോൺഗ്രസ് 5 സീറ്റിൽ ഒതുങ്ങി. മുഖ്യമന്ത്രി ലാൽതൻ ഹവ്‌ല മത്സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടു. ബിജെപി ഒന്നും മറ്റുള്ളവർ 8 ഉം സീറ്റുകളിൽ വിജയിച്ചു.