എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ഓഹരി വില്ക്കും

Posted on: November 28, 2018

ന്യൂഡല്‍ഹി : വിമാനത്താവളത്തിലെ അനുബന്ധ ജോലിക്കായി എയര്‍ ഇന്ത്യയ്ക്കു കീഴിലുള്ള സ്ഥാപനത്തിന്റെ ഓഹരികള്‍ വില്ക്കാന്‍ മന്ത്രിതല സമിതിയുടെ തീരുമാനം. നഷ്ടത്തിലായ എയര്‍ ഇന്ത്യയെ കടക്കെണിയില്‍ നിന്നു കരകയറാന്‍ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ (എഐഎടിഎസ്എല്‍) 100 ശതമാനം ഓഹരിയും വില്ക്കും.

2016 – 17 കാലയളവില്‍ 61.66 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാപനത്തിന്റെ ഓഹരി വില്പനയിലൂടെ എയര്‍ ഇന്ത്യയുടെ കടത്തിന്റെ ഒരു ഭാഗം വീട്ടാനാകുമെന്ന് അധികൃതര്‍ പറയുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി, വ്യോമയാന മന്ത്രി സുരേഷ് പ്രഭു എന്നിവരെയുള്‍പ്പെടുത്തി രൂപീകരിച്ച സമിതിയാണു വില്പനയ്ക്കു പച്ചക്കൊടി കാട്ടിയത്. സ്ഥാപനം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നു താല്പര്യപത്രം ക്ഷണിക്കും.

50,000 കോടി രൂപ ബാധ്യതയുള്ള എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി സ്വകാര്യ മേഖലയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഏറ്റെടുക്കാന്‍ ആരും തയാറായില്ല. തുടര്‍ന്നാണു ധനസമാഹരണത്തിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.

TAGS: Air India |