കൊച്ചിയില്‍ നിന്ന് 21 നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ്

Posted on: November 8, 2018

കൊച്ചി വിമാനത്താവളത്തിൽ നിന്ന് രാജ്യത്തെ 21 നഗരങ്ങളിലേക്ക് നേരിട്ട് വിമാനസർവീസ്. ശീതകാല ഷെഡ്യൂളിൽ പുതുതായി പ്രഖ്യാപിച്ച 8 സർവീസുകൾ ഉൾപ്പടെയാണിത്.
ഇതിനു പുറമെ 16 വിദേശ നഗരങ്ങളിലേക്കും സര്‍വീസുണ്ട്. ഗോവ, ഭുവനേശ്വര്‍, വിശാഖപട്ടണം, നാഗ്പൂര്‍, ലക്‌നൗ, ഗുവാഹട്ടി, ജയ്പൂര്‍, കൊല്‍ക്കത്ത, എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് കൊച്ചിയില്‍ നിന്നു നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്.

ഗോവയിലേക്ക് ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗോവയിലേക്ക് എല്ലാ ദിവസവും രാത്രി – 9.40 നാണ് ഇന്‍ഡിഗോ വിമാനം സര്‍വീസ് നടത്തുക. ഗോ എയര്‍ പുലര്‍ച്ച 3.20 – നും. ഡിസംബര്‍ ഒന്നിന് ഇന്‍ഡിഗോയും നവംബര്‍ 15 ന് ഗോ എയറും ഗോവ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.

മറ്റ് അഞ്ച്‌ നഗരങ്ങളിലേക്കും ഇന്‍ഡിഗോയാണ്‌പുതിയ സര്‍വീസുകള്‍ നടത്തുക. ഭുവനേശ്വറിലേക്കുള്ള ഇന്‍ഡിഗോ വിമാനം പുലര്‍ച്ചെ 5.35 – ന് പുറപ്പെടും. വിശാഖപട്ടണത്തേക്ക് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 2.01 നും ചൊവ്വാഴ്ച 1.40 നും വിമാനം പുറപ്പെടും. ഭുവനേശ്വര്‍, വിശാഖപട്ടണം സര്‍വീസുകള്‍ ഡിസംബര്‍ ഒന്നിന് തുടങ്ങും. നവംബര്‍ 15 മുതല്‍ നാഗ്പൂരിലേക്ക് വിമാനമുണ്ടാകും. രാത്രി ഒമ്പതാണ് പുറപ്പെടല്‍ സമയം.

ലക്‌നൗവിലേക്ക് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി 9.20 – ന് വിമാനം പുറപ്പടും. ഗുവാഹട്ടിയിലേക്ക് രാവിലെ 5.40-നാണ് വിമാനം പുറപ്പെടുക. ലക്‌നൗ, ഗുവാഹട്ടി സര്‍വീസുകള്‍ ഡിസംബര്‍ ഒമ്പതിന് തുടങ്ങും. നിലവില്‍ ഗോ എയര്‍ അഹമ്മദാബാദ് വഴി ജയ്പൂരിലേക്ക് വിമാന സര്‍വീസ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് നവംബര്‍ 15 മുതല്‍ ഇന്‍ഡിഗോയുടെ നേരിട്ടുള്ള ജയ്പൂര്‍, കൊല്‍ക്കത്ത, സര്‍വീസ്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 3.05 – ന് ജയ്പൂര്‍ വിമാനം പുറപ്പെടും. കൊല്‍ക്കത്ത വിമാനം ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴിന് പുറപ്പെടും.

TAGS: Go Air | IndiGo |