ടാറ്റാ ഗ്രൂപ്പ് ജെറ്റ് എയർവേസിൽ ഓഹരിനിക്ഷേപത്തിന് ഒരുങ്ങുന്നു

Posted on: October 18, 2018

മുംബൈ : ടാറ്റാ ഗ്രൂപ്പ് ജെറ്റ് എയർവേസിൽ ഓഹരി നിക്ഷേപത്തിന് ഒരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേസിന്റെ 26 ശതമാനം ഓഹരികൾ വാങ്ങാൻ ടാറ്റാ ഗ്രൂപ്പ് പ്രാഥമിക ചർച്ചകൾ നടത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ടാറ്റാ ഗ്രൂപ്പും ജെറ്റ് എയർവേസും വാർത്തയോട് പ്രതികരിച്ചിട്ടില്ല.

ജെറ്റ് എയർവേസിന്റെ 51 ശതമാനം ഓഹരികൾ സ്ഥാപകനും മുഖ്യപ്രമോട്ടറുമായ നരേഷ് ഗോയലിന്റെ നിയന്ത്രണത്തിലാണ്. ഇത്തിഹാദ് എയർവേസിന് 24 ശതമാനവും മ്യൂച്വൽഫണ്ടുകൾക്ക് 3.6 ശതമാനവും എൽഐസിക്ക് 2.1 ശതമാനവും ഓഹരിപങ്കാളിത്തമുണ്ട്.

ഫുൾ സർവീസ് കാരിയറായ ജെറ്റ് എയർവേസ് ഫ്‌ളീറ്റിൽ 124 വിമാനങ്ങളാണുള്ളത്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ ജെറ്റ് എയർവേസ് 1,323 കോടി രൂപ നഷ്ടത്തിലായിരുന്നു.