വാറൻ ബഫറ്റ് പേ ടിഎമ്മിൽ ഓഹരി നിക്ഷേപത്തിനൊരുങ്ങുന്നു

Posted on: August 27, 2018

ന്യൂഡൽഹി : ആഗോള നിക്ഷേപകനും അമേരിക്കൻ ശതകോടീശ്വരനുമായ വാറൻ ബഫറ്റ് പേ ടിഎമ്മിൽ ഓഹരി നിക്ഷേപത്തിനൊരുങ്ങുന്നു. പേ ടിഎമ്മിന്റെ മാതൃ സ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസിൽ 3-4 ശതമാനം ഓഹരിപങ്കാളിത്തം നേടാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. തുടക്കത്തിൽ 2000-2500 കോടി രൂപ (300-350 ദശലക്ഷം ഡോളർ) നിക്ഷേപിക്കുമെന്നാണ് സൂചന. ഇടപാട് നടന്നാൽ വാറൻ ബഫറ്റിന്റെ നിക്ഷേപസ്ഥാപനമായ ബെർക്ക്ഷയർ ഹാത്ത്‌വേയുടെ ഇന്ത്യയിലെ ആദ്യ നിക്ഷേപമായിരിക്കും. ഐബിഎം, ആപ്പിൾ തുടങ്ങിയ ഏതാനും ടെക് കമ്പനികളിൽ ബെർക്ക്ഷയർ ഹാത്ത്‌വേ നിക്ഷേപം നടത്തിയിട്ടുണ്ട്.

പേ ടിഎമ്മിന് 10-12 ബില്യൺ ഡോളറാണ് മൂല്യം കണക്കാക്കുന്നത്. ചൈനീസ് ഓൺലൈൻ കമ്പനിയായ ആലിബാബയ്ക്ക് 42 ശതമാനവും ജപ്പാനിലെ സോഫ്റ്റ് ബാങ്കിന് 20 ശതമാനവും നിക്ഷേപസ്ഥാപനമായ സെയ്ഫ് പാർട്‌ണേഴ്‌സിന് 22 ശതമാനവും പേ ടിഎം സ്ഥാപകനായ വിജയ് ശേഖർ ശർമ്മയ്ക്ക് 16 ശതമാനവും ഓഹരിപങ്കാളിത്തമാണുള്ളത്.