കൊച്ചി വിമാനത്താവളം 29 ന് തുറക്കും

Posted on: August 23, 2018

കൊച്ചി : പ്രളയം മൂലം അടച്ച കൊച്ചി രാജ്യാന്തര വിമാനത്താവളം 29 ന് തുറക്കും. നേരത്തെ 26 ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ ജീവനക്കാരില്‍ 90 ശതമാനം പേരെയും വെള്ളപ്പൊക്കം ബാധിച്ചതിനാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ഏകോപിപ്പിക്കാനുള്ള ബുദ്ധിമുട്ട് വിമാനക്കമ്പനികളും ഗ്രൗണ്ട് ഹാന്‍ഡലിംഗ് ഏജന്‍സികളും അറിയിച്ചു.

വിമാനത്താവള മേഖലയിലെ ഹോട്ടലുകളും കടകളും ഇപ്പോഴും പൂര്‍ണ്ണമായി തുറന്നിട്ടില്ല. ഫ്‌ളൈറ്റ് കിച്ചന്‍ കമ്പനികള്‍ക്കു ഭക്ഷ്യ വിഭവങ്ങള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുത്താണു പ്രവര്‍ത്തനം പുനരാരംഭിക്കുന്നതു മൂന്നു ദിവസം കൂടി വൈകിപ്പിക്കാന്‍ തീരുമാനിച്ചത്.

വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളും ബാക്കിയുണ്ട്. ടെര്‍മിനലുകള്‍ക്കുള്ളില്‍ ശുചീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ചു ടെര്‍മിനല്‍ കെട്ടിടത്തില്‍ ശുചീകരണം വേഗത്തിലാക്കിയിട്ടുണ്ട്. വിവിധ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികളും താല്‍ക്കാലിക മതില്‍ നിര്‍മാണവും ഇതോടൊപ്പം നടക്കുന്നു. ചെക് ഇന്‍ സംവിധാനങ്ങള്‍, റണ്‍വേ ലൈറ്റുകള്‍, കണ്‍വെയര്‍ ബെല്‍റ്റുകള്‍, എക്‌സ്‌റേ മെഷീനുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളും നടന്നു വരികയാണ്.