കരുണാനിധിയുടെ സംസ്‌കാരം മെറീനബീച്ചിൽ

Posted on: August 8, 2018

ചെന്നൈ : കരുണാനിധിയുടെ സംസ്‌കാരം മെറീന ബീച്ചിൽ അണ്ണാ സമാധിക്കു സമീപം നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ഡിഎംകെയുടെ ഹർജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. മെറീനയിൽ സ്ഥലം അനുവദിക്കുന്നതിനെതിരായുള്ളസർക്കാരിന്റെ വാദങ്ങൾ കോടതി തള്ളി. കോടതി വിധിയറിഞ്ഞപ്പോൾ എം.കെ. സ്റ്റാലിനും കനിമൊഴിയും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ വിതുമ്പി. രാജാജി ഹാളിൽ തടിച്ചുകൂടിയ ഡിഎംകെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് കോടതിവിധി സ്വീകരിച്ചത്.

സംസ്‌കാരം വൈകുന്നേരം നാല് മണിക്ക് നടക്കുമെന്നാണ് സൂചന. പാർലമെന്റ് കരുണാനിധിക്ക് അന്തിമോപചാരം അർപ്പിച്ചു. കലൈഞ്ജർക്ക് ആദരാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അല്പ സമയത്തിനുള്ളിൽ ചെന്നൈയിൽ എത്തും. കോടതി വിധിയെ തുടർന്ന് മെറീന ബീച്ചിൽ സുരക്ഷ ശക്തമാക്കി. ദ്രുതകർമ്മ സേനയെ വിന്യസിച്ചു.തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ ആയിരങ്ങളാണ് രാജാജി ഹാളിലേക്കും മെറീന ബീച്ചിലേക്കും എത്തിക്കൊണ്ടിരിക്കുന്നത്.