കരുണാനിധിയുടെ സംസ്‌കാരം നാളെ : സംസ്‌കാരസ്ഥലത്തെ ചൊല്ലി തർക്കം

Posted on: August 7, 2018

ചെന്നൈ : തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധി (94) അന്തരിച്ചു. വൈകുന്നേരം 6.10 ന് ആണ് അന്ത്യം സംഭവിച്ചത്. കരുണാനിധിയുടെ മൃതദേഹം കാവേരി ആശുപത്രിയിൽ നിന്ന് ഗോപാലപുരത്തെ വസതിയിലേക്ക് മാറ്റി. സംസ്‌കാര സമയം തീരുമാനിച്ചിട്ടില്ല. നാളെ രാജാജി ഹാളിൽ പൊതുദർശനത്തിന് വച്ചശേഷം വൈകുന്നേരമായിരിക്കും സംസ്‌കാരം. സംസ്‌കാരസ്ഥലത്തെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്.

മെറീന ബീച്ചിലെ അണ്ണാ സ്മാരകത്തിന് പിന്നിൽ സ്ഥലം അനുവദിക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം. എന്നാൽ ഗാന്ധി മണ്ഡപത്തിന് സമീപം രണ്ട് ഏക്കർ സ്ഥലം അനുവദിക്കാമെന്നാണ് സർക്കാർ നിലപാട്. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ കാവേരി ആശുപത്രിക്ക് മുന്നിൽ ബാരിക്കേഡുകൾ മറിച്ചിട്ടു. സ്ഥലം അനുവദിക്കുന്നതിൽ തമിഴ്‌നാട് സർക്കാർ രാഷ്ട്രീയം കളിക്കരുതെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.

നാളെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഒരാഴ്ചത്തെയും പുതുച്ചേരിയിൽ മൂന്ന് ദിവസത്തെയും ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ബിജെപി പ്രസിഡന്റ് അമിത് ഷാ, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി തുടങ്ങിയ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ജീവിതത്തിലെ കറുത്തദിനമെന്ന് രജനീകാന്ത് പ്രതികരിച്ചു.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ജൂലൈ 28 ന് ആണ് അദേഹത്തെ ആൽവാർപെട്ടിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസവും പനിയും രക്തസമ്മർദ്ദത്തിലെ വ്യതിയാനവും ആരോഗ്യനിലയെ മാറ്റിനറിച്ചു. ഇന്ന് ഉച്ചയോടെ അദേഹത്തിന്റെ നില വഷളാവുകയായിരുന്നു.

TAGS: DMK | Kalaignar | Karunanidhi |