റിലയൻസ് ഇൻഡസ്ട്രീസിന് 9,459 കോടി രൂപ അറ്റാദായം

Posted on: July 28, 2018

കൊച്ചി : റിലയൻസ് ഇൻഡസ്ട്രീസിന് നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ -ജൂൺ ക്വാർട്ടറിൽ 9,459 കോടി രൂപയുടെ അറ്റാദായം. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് (9,108 കോടി) 18 ശതമാനമാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായവളർച്ച. വരുമാനം 54.25 ശതമാനം വർധിച്ച് 1,28,756 കോടി രൂപയായി. പെട്രോകെമിക്കൽ ബിസിനസ് 58.2 ശതമാനവും റീട്ടെയ്ൽ ബിസിനസ് 123.7 ശതമാനവും വളർച്ച നേടി.

ഇതിൽ 612 കോടി രൂപ ടെലികോം സംരംഭമായ റിലയൻസ് ജിയോയുടെ ലാഭമാണ്. ജിയോയുടെ അറ്റാദായം മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 19.9 ശതമാനം ഉയർന്നു. 2018 ജനുവരി- മാർച്ച് ക്വാർട്ടറിൽ അറ്റാദായം 510 കോടിയായിരുന്നു. പ്രവർത്തന വരുമാനം 8,109 കോടി രൂപയാണ്. 2018 ജൂൺ 30 ലെ കണക്ക് അനുസരിച്ച്  21.53 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത്.