സിയാലിന് 156 കോടി രൂപ ലാഭം

Posted on: June 29, 2018

തിരുവനന്തപുരം : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിക്ക് (സിയാൽ) 2017-18 ൽ 156 കോടി രൂപ ലാഭം നേടി. ഓഹരിയുടമകൾക്ക് 25 ശതമാനം ലാഭവിഹിതം നൽകാൻ സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം ശിപാർശ ചെയ്തു. സിയാലിന്റെ മൊത്തം വിറ്റുവരവ് 701.13 കോടി രൂപയാണ്. സിയാൽ ഡ്യൂട്ടിഫ്രീയുടെ മാത്രം വിറ്റുവരവ് 237.25 കോടിയാണ്.

സിയാൽ 2003-04 സാമ്പത്തികവർഷം മുതൽ മുടങ്ങാതെ ലാഭവിഹിതം നൽകിവരുന്നു. 30 രാജ്യങ്ങളിൽ നിന്നായി 18,000 ൽപ്പരം ഓഹരിയുടമകളാണ് സിയാലിനുള്ളത്. സംസ്ഥാനസർക്കാരിന് 32.41 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം സിയാൽ 31.01 കോടി രൂപ ലാഭവിഹിതമായി സംസ്ഥാനസർക്കാരിന് നൽകി.നിലവിൽ നിക്ഷേപത്തിന്റെ 203 ശതമാനം ലാഭവിഹിതമായി ഓഹരിയുടമകൾക്ക് മടക്കി നൽകിക്കഴിഞ്ഞു. ഇത്തവണ ശിപാർശ ചെയ്തിട്ടുള്ള 25 ശതമാനം ലാഭവിഹിതം വാർഷിക പൊതുയോഗം അംഗീകരിച്ചാൽ ഇത് 228 ശതമാനമായി ഉയരും.

സിയാൽ ഡയറക്ടർ ബോർഡ് അംഗങ്ങളും മന്ത്രിമാരുമായ മാത്യു ടി. തോമസ്, വി.എസ്. സുനിൽകുമാർ, മറ്റ് ഡയറക്ടർമാരായ എം.എ. യൂസഫലി, റോയ് കെ. പോൾ, എ. കെ. രമണി, എൻ. വി. ജോർജ്, ഇ.എം. ബാബു, സിയാൽ മാനേജിംഗ് ഡയറക്ടർ വി. ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുത്തു.