സ്‌റ്റേറ്റ് ബാങ്കിന് നാലാം ക്വാർട്ടറിൽ 7,718 കോടി രൂപ നഷ്ടം

Posted on: May 22, 2018

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് തുടർച്ചയായി രണ്ട് ക്വാർട്ടറുകളിൽ നഷ്ടം. 2018 ജനുവരി – മാർച്ച് ക്വാർട്ടറിൽ എസ് ബി ഐ 7,718.17 കോടി രൂപ നഷ്ടം നേരിട്ടു. മുൻവർഷം ഇതേകാലയളവിൽ 2,814.82 കോടി രൂപ അറ്റാദായം നേടിയിരുന്നു. .മൊത്ത നിഷ്‌ക്രിയ ആസ്തികൾ 10.91 ശതമാനമായി വർധിച്ചു. രണ്ട് ലക്ഷം കോടിയിലേറെയാണ് എസ് ബി ഐയുടെ നിഷ്‌ക്രിയ ആസ്തികൾ.

നാലാം ക്വാർട്ടറിൽ മൊത്ത വരുമാനം മുൻവർഷം ഇതേകാലയളവിലെ 57,720.07 കോടിയിൽ നിന്ന് 68,436.06 കോടിയായി വർധിച്ചു. ഉയർന്ന വകയിരുത്തലുകൾ വേണ്ടി വന്നതാണ് ബാങ്കിനെ നഷ്ടത്തിലേക്ക് നയിച്ചത്. വകയിരുത്തലുകൾ മുൻവർഷം ഇതേകാലയളവിൽ 11,740 കോടിയിൽ നിന്ന് 28,096.07 കോടിയായി വർധിച്ചു.

2017 ഒക്‌ടോബർ – ഡിസംബർ ക്വാർട്ടറിൽ 2,416 കോടി രൂപ നഷ്ടത്തിലായിരുന്നു. ഇക്കാലയളവിൽ മൊത്ത നിഷ്‌ക്രിയ ആസ്തികൾ 10.35 ശതമാനമായിരുന്നു.