ആസ്റ്റർ ചെന്നൈയിൽ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്നു

Posted on: April 12, 2018

കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെന്നെയിൽ 500 ബെഡുകളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കും. പുതിയ ആശുപത്രി നിർമ്മിക്കുന്നതിന് പ്രമുഖ ഡെവലപ്പറായ സുബ്രമണ്യ കൺസ്ട്രക്ഷൻ ആൻഡ് ഡവലപ്‌മെന്റ് കമ്പനിയുമായി (എസ്‌സിഡിസി) കരാറിൽ ഒപ്പിട്ടു. ചെന്നെയിലെ ആശുപത്രി 2020 ൽ കമ്മീഷൻ ചെയ്യും. കോവിലംപക്കത്ത് പൂർത്തിയാക്കുന്ന ആശുപത്രി തമിഴ്‌നാട്ടിലെയും അയൽ സംസ്ഥാനങ്ങളിലെയും വിദേശത്തെയും രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കും.

എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ നിലവിൽ ദക്ഷിണേന്ത്യയിൽ 11 ആശുപത്രികൾ നടത്തുന്നുണ്ട്. 4037 ബെഡുകളാണ് ഈ ആശുപത്രികളുടെ ശേഷി. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ഇന്ത്യയിലെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ളതാണ് ചെന്നൈയിലെ പുതിയ ആശുപത്രിയും.

ഇന്ത്യയിൽ പൊതുവെയും ചെന്നൈയിൽ പ്രത്യേകിച്ചും കൂടുതൽ ആശുപത്രികൾക്കുള്ള ആവശ്യകതയുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. കേരളം, കർണാടകം, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ ആശുപത്രികൾക്കൊപ്പം തമിഴ്‌നാട്ടിലും സാന്നിദ്ധ്യം ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഉയർന്ന ഗുണമേന്മയുള്ള ആധുനിക ടേർഷ്യറി, ക്വാർട്ടേർനറി വൈദ്യസേവനം കുറഞ്ഞ ചെലവിൽ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ലഭ്യമാക്കും. ഇന്ത്യയെ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ഭാവിയിലെ പ്രധാന വിപണിയായാണ് കാണുന്നതെന്ന് ഡോ. മൂപ്പൻ പറഞ്ഞു.

ദക്ഷിണേന്ത്യയിലെയും പടിഞ്ഞാറൻ ഇന്ത്യയിലെയും വൈവിധ്യമാർന്ന ആശുപത്രികൾക്കൊപ്പം തമിഴ്‌നാട്ടിലും സാന്നിദ്ധ്യം ഉറപ്പിക്കാനാണ് പരിശ്രമിക്കുന്നതെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സ് (ഇന്ത്യ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ഹരീഷ് പിള്ള ചൂണ്ടിക്കാട്ടി. 2020 ൽ തുടക്കമിടുന്ന ആധുനിക ക്വാർട്ടേർണറി വൈദ്യസേവന ആശുപത്രി നിലവിലുള്ള ശൃംഖലയിലെ വിടവ് നികത്താൻ സഹായിക്കുമെന്ന് അദേഹം പറഞ്ഞു.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറുമായ ചേർന്ന് ബിൽറ്റ്-ടു-സ്യൂട്ട് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി കോവിലാംപക്കത്ത് ആരംഭിക്കുമ്പോൾ ഗുണമേന്മ ഉറപ്പുവരുത്തുമെന്ന് എസ്‌സിഡിസി ഡയറക്ടർ നാഗേഷ് ബാലസുബ്രമണ്യം പറഞ്ഞു. ആശുപത്രിക്കായുള്ള സ്ഥലം എസ്‌സിഡിസിക്ക് സ്വന്തമായുണ്ട്.