ഒരു കോടി യാത്രക്കാരുടെ റെക്കോർഡുമായി കൊച്ചി വിമാനത്താവളം

Posted on: March 29, 2018

കൊച്ചി : നടപ്പ് സാമ്പത്തികവർഷം ഒരു കോടിയിലേറെ യാത്രക്കാരെ കൈകാര്യം ചെയ്ത് കൊച്ചി വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം. 2017-18 സാമ്പത്തികവർഷം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കേ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ 51.57 ലക്ഷം ആഭ്യന്തര യാത്രക്കാരും 48.43 ലക്ഷം രാജ്യാന്തരയാത്രക്കാരും കടന്നുപോയി. കഴിഞ്ഞ സാമ്പത്തിക വർഷം കൊച്ചി വിമാനത്താവളത്തിലൂടെ 89.4 ലക്ഷം പേർ യാത്രചെയ്തു.

ആഭ്യന്തരയാത്രക്കാരുടെ വർധനകണക്കിലെടുത്ത് നവീകരിക്കുന്ന ആഭ്യന്തര ടെർമിനൽ മെയ് അവസാനം സജ്ജമാകുമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു. ആറ് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ ടെർമിനലിൽ മണിക്കൂറിൽ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. 54 ചെക്കിൻ കൗണ്ടറുകളും ഏഴ് എയ്‌റോ ബ്രിഡ്ജുകളും സ്ഥാപിക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് വൈകാതെ കോൽക്കത്ത, ലക്‌നൗ എന്നവിടങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുമെന്നും വി. ജെ. കുര്യൻ പറഞ്ഞു.