കോടികളുടെ വായ്പാ തട്ടിപ്പ് : സുഭിക്ഷ സൂപ്പർമാർക്കറ്റ് ഉടമ അറസ്റ്റിൽ

Posted on: March 1, 2018

ചെന്നൈ : ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 77 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയ തമിഴ്‌നാട്ടിലെ സുഭിക്ഷ സൂപ്പർമാർക്കറ്റ് ശൃംഖല ഉടമ ആർ. സുബ്രഹ്മണ്യനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നേരത്തെ വിവിധ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നായി 750 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത കേസും ഇയാൾക്കെതിരെയുണ്ട്. ഇതിന് പുറമെ വിശ്വപ്രിയ ഫിനാൻഷ്യൽ സർവീസസ് എന്ന കമ്പനിയുടെ പേരിൽ നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്തതിനും കേസുകളുണ്ട്. 4000 നിക്ഷേപകരിൽ നിന്നായി 150 കോടി തട്ടിയെടുത്തുവെന്നാണ് കേസ്.

ചെന്നൈയിൽ 1997 ൽ ആരംഭിച്ച സുഭിക്ഷ സൂപ്പർമാർക്കറ്റിന് 1600 ലേറെ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2009 ൽ ആണ് സുഭിക്ഷ സൂപ്പർമാർക്കറ്റുകൾ അടച്ചുപൂട്ടിയത്. ഇതേ തുടർന്ന് വീണ്ടും സൂപ്പർമാർക്കറ്റുകൾ ആരംഭിക്കാൻ അനുവദിച്ച 77 കോടി രൂപയുടെ വായ്പ വകമാറ്റിച്ചെലവഴിച്ചുവെന്നാണ് കേസ്. സുബ്രഹ്മണ്യന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് അദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഗോൾമെഡൽ നേടി ഐഐടിയിലും ഐഐഎമ്മിലും പഠനം പൂർത്തിയാക്കിയ സുബ്രഹ്മണ്യൻ സിറ്റി, ബാങ്കിലും എൻഫീൽഡ് ഇന്ത്യയിലും ജോലിനോക്കിയശേഷമാണ് സുഭിക്ഷ ആരംഭിക്കുന്നത്. സൂപ്പർമാർക്കറ്റ് ശൃംഖല തകർന്നതോടെ 2,500 ഓളം ജീവനക്കാരും വഴിയാധാരമായി.