കാത്ത്‌ലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ ഫെയർഫാക്‌സ് വാങ്ങുന്നു

Posted on: February 18, 2018

മുംബൈ : കാത്ത്‌ലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ ഫെയർഫാക്‌സ് വാങ്ങുന്നു. ഓഹരി ഒന്നിന് 140 രൂപ പ്രകാരം ഏകദേശം 578 കോടി രൂപയുടേതാണ് ഇടപാട്. ഇനി ഓഹരിയുടമകളുടെ അനുമതി ലഭിക്കേണ്ടതുണ്ട്.

ബാങ്കിന് ഏകദേശം 1,200 കോടി രൂപയാണ് മൂല്യം കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഫെയർഫാക്‌സ് 1,300 കോടി രൂപ മൂല്യ നിർണയം നടത്തിയെങ്കിലും ചില ഓഹരിയുടമകൾ അത് അംഗീകരിച്ചിരുന്നില്ല.

കാത്ത്‌ലിക് സിറിയൻ ബാങ്ക് മൂലധനം വർധിപ്പിക്കാൻ കുറച്ച് നാളുകളായി തിരക്കിട്ട ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി, ഫെഡറൽ ബാങ്ക്, പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ജിപിഇ 111 മൗറീഷ്യസ്, എഐഎഫ് കാപ്പിറ്റൽ ഡെവലപ്‌മെന്റ്, ആഗ്നസ് കാപ്പിറ്റൽ, എഡിൽവീസ് ഗ്രൂപ്പ് തുടങ്ങി 20 നിക്ഷേപകർക്ക് കാത്ത്‌ലിക് സിറിയൻ ബാങ്കിൽ ഒരു ശതമാനത്തിൽ കൂടുതൽ ഓഹരിപങ്കാളിത്തമുണ്ട്.