ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 18 ശതമാനം വളർച്ച

Posted on: January 24, 2018

ന്യൂഡൽഹി : ഇന്ത്യയിൽ 2017 ഡിസംബറിൽ ആഭ്യന്തര വിമാനയാത്ര നടത്തിയത് 1.12 കോടി ആളുകൾ. മുൻവർഷം ഇതേകാലയളവിനേക്കാൾ 17.69 ശതമാനം വളർച്ച. 2016 ഡിസംബറിൽ 95.52 ലക്ഷം പേരാണ് രാജ്യത്തിനകത്ത് വിമാനയാത്ര നടത്തിയത്. ഡയറക് ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കണക്കുകൾ പ്രകാരം ഇൻഡിഗോ എയർലൈൻസാണ് മാർക്കറ്റ് ലീഡർ. കഴിഞ്ഞ മാസം 44.30 ലക്ഷം പേർ ഇൻഡിഗോയിൽ പറന്നു.

ജെറ്റ് എയർവേസ് (16.37 ലക്ഷം), എയർ ഇന്ത്യ (14.72 ലക്ഷം), സ്‌പൈസ്‌ജെറ്റ് (14.27 ലക്ഷം), ഗോ എയർ (10.80 ലക്ഷം), എയർ ഏഷ്യ (4.93 ലക്ഷം), വിസ്താര (4.13 ലക്ഷം) എന്നീ വിമാനക്കമ്പനികളാണ് തൊട്ടുപിന്നിലുള്ളത്. പാസഞ്ചർ ലോഡ് ഫാക്ടറിൽ സ്‌പൈസ്‌ജെറ്റ് (95.6 ശതമാനം) ആണ് ഒന്നാമത്. ഗോ എയർ (92 ശതമാനം), ഇൻഡിഗോ (90.8 ശതമാനം), വിസ്താര (87.7ശതമാനം) എന്നിവ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.

ഓൺ ടൈം പെർഫോമൻസിൽ ഇൻഡിഗോ ആണ് മുന്നിൽ. സ്‌പൈസ്‌ജെറ്റും വിസ്താരയുമാണ് തൊട്ടുപിന്നിൽ. ഫ്‌ളൈറ്റ് വൈകലും കാൻസലേഷനും മൂലം 2.62 ലക്ഷം യാത്രക്കാർക്കായി വിവിധ വിമാനക്കമ്പനികൾ 4.18 കോടി രൂപ നഷ്ടപരിഹാരമായി നൽകി.