ഇൻഫോസിസിന് 5,129 കോടി രൂപ അറ്റാദായം

Posted on: January 13, 2018

ബംഗലുരു : ഇൻഫോസിസ് ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 38.3 ശതമാനം അറ്റാദായവളർച്ച നേടി. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 3,708 കോടിയിൽ നിന്ന് 5,129 കോടിയായി വർധിച്ചു. മൊത്തവരുമാനം 17,273 കോടിയിൽ നിന്ന് 3 ശതമാനം വർധിച്ച് 17,794 കോടിയായി.

നടപ്പ് സാമ്പത്തികവർഷം (2017-18) സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 3,726 കോടിയായിരുന്നു അറ്റദാായം. ഇൻഫോസിസിന്റെ വരുമാനത്തിൽ 60.4 ശതമാനവും അമേരിക്കയിൽ നിന്നും 24.4 ശതമാനം യൂറോപ്പിൽ നിന്നുമാണ്. ഇന്ത്യയിൽ നിന്നുള്ള വരുമാനം കേവലം 3 ശതമാനം മാത്രമാണ്.

ഡിജിറ്റൽ സാങ്കേതിക വിദ്യയിലെ കുതിപ്പിനും ജീവനക്കാരുടെ നൈപുണ്യം മെച്ചപ്പെടുത്താനും ഊന്നൽ നൽകുമെന്ന് ഇൻഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സലിൽ പരേഖ് പറഞ്ഞു.