എയർ ഇന്ത്യയ്ക്ക് വേണം 1500 കോടിയുടെ അടിയന്തര വായ്പ

Posted on: December 9, 2017

മുംബൈ : എയർ ഇന്ത്യ പ്രവർത്തന മൂലധനത്തിനായി 1,500 കോടിയുടെ വായ്പ തേടുന്നു. നിലവിൽ 52,000 കോടി രൂപയുടെ ബാധ്യതകളാണ് എയർ ഇന്ത്യയ്ക്കുള്ളത്. ഇതിൽ 28,000 കോടി പ്രവർത്തനമൂലധന വായ്പകളാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 5,000 കോടി രൂപയോളം വായ്പ എടുത്തിരുന്നു. സെപ്റ്റംബറിൽ 3,250 കോടിയും ഒക്‌ടോബറിൽ 1500 കോടി രൂപയുമാണ് വായ്പ വാങ്ങിയത്.

കഴിഞ്ഞ ജൂണിൽ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് സമിതി എയർ ഇന്ത്യ ഓഹരിവില്പനയ്ക്ക് പച്ചക്കൊടികാട്ടിയെങ്കിലും കാര്യങ്ങൾ ഉദേശിച്ചരീതിയിൽ മുന്നോട്ട് നീങ്ങിയിട്ടില്ല. ഭീമമായ സാമ്പത്തിക ബാധ്യതയുള്ളതിനാൽ ഓഹരിവിൽക്കാനുള്ള നടപടികൾ വൈകുകയാണ്. എയർ ഇന്ത്യയെ ഏറ്റെടുക്കണമെങ്കിൽ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നാണ് വാങ്ങാൻ ഒരുങ്ങുന്നവരുടെ നിലപാട്.