ബിപിസിഎൽ 45,000 കോടിയുടെ വികസനലക്ഷ്യം

Posted on: September 20, 2014

Kochi-Refinery-big

ബിപിസിഎൽ അടുത്ത നാലുവർഷത്തിനുള്ളിൽ 45,000 കോടി രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. വരദരാജൻ. കൊച്ചി റിഫൈനറിയുടെ ശേഷി വർധിപ്പിക്കാൻ 16,500 കോടി രൂപ മുതൽമുടക്കും. സംസ്‌കരണശേഷി നിലവിലുള്ള 9.5 ദശലക്ഷം ടണ്ണിൽ നിന്ന് 15.5 ദശലക്ഷം ടണ്ണായി വർധിപ്പിക്കും.

ഒമാൻ ഓയിൽ – ബിപിസിഎൽ സംയുക്തസംരംഭമായ ബിന റിഫൈനറിയുടെ വികസനത്തിന് 2,900 കോടി രൂപയും ചെലവഴിക്കും. ശേഷി 6 ദശലക്ഷം ടണ്ണിൽ നിന്ന് 8 ദശലക്ഷം ടണ്ണായി വർധിപ്പിക്കും. ബിന റിഫൈനറിക്കു വേണ്ടി പബ്ലിക് ഇഷ്യുവും ആലോചനയിലുണ്ടെന്ന് വരദരാജൻ വെളിപ്പെടുത്തി.

നുമാലിഗർ റിഫൈനറിയുടെ സംസ്‌കരണശേഷി 3 ദശലക്ഷം ടണ്ണിൽ നിന്ന് 9 ദശലക്ഷം ടണ്ണായി വർധിപ്പിക്കുന്നതിന്റെ സാധ്യതാപഠനം നടത്തും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള എണ്ണപ്പൈപ്പ് ലൈനും പരിഗണനയിലുണ്ട്. 15,000 കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. മൊസംബിക്കിലും ബ്രസീലിലും എണ്ണപര്യവേക്ഷണം നടത്തുന്നതിന് 12,000 കോടി രൂപയും ബിപിസിഎൽ ചെലവഴിക്കുമെന്ന് ചെയർമാൻ എസ്. വരദരാജൻ പറഞ്ഞു.