ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 15.63 ശതമാനം വളർച്ച

Posted on: September 18, 2017

ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഓഗസ്റ്റിൽ 15.63 ശതമാനം വളർച്ച. രാജ്യത്ത് 97 ലക്ഷം പേരാണ് കഴിഞ്ഞ മാസം ആഭ്യന്തര വിമാനയാത്ര നടത്തിയത്. 2016 ലെ ആദ്യത്തെ എട്ട് മാസത്തെ അപേക്ഷിച്ച് 2017 ലെ ആദ്യത്തെ എട്ട് മാസം 16.967 ശതമാനം വളർച്ച കൈവരിച്ചതായി ഡിജിസിഎ വെളിപ്പെടുത്തി.

സ്‌പൈസ്‌ജെറ്റ് 94.5 ശതമാനം പാസഞ്ചർ ലോഡ് ഫാക്ടറുമായി ഒന്നാം സ്ഥാനത്താണ്. എയർ ഏഷ്യ ഇന്ത്യ (84.5 ശതമാനം), ഇൻഡിഗോ (83.6 ശതമാനം) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. വിപണിവിഹിതത്തിന്റെ കാര്യത്തിൽ ഇൻഡിഗോ (38 ശതമാനം) ആണ് ഒന്നാമത്. ജെറ്റ് എയർവേസ് (18.3 ശതമാനം), സ്‌പൈസ്‌ജെറ്റ് (14 ശതമാനം) എന്നിവരാണ് വിപണിവിഹതത്തിന്റെ കാര്യത്തിൽ തൊട്ടുപിന്നിലുള്ളത്.

ഓൺടൈം പെർഫോമൻസിലും (86.6 ശതമാനം) ഇൻഡിഗോ ഒന്നാംസ്ഥാനത്തുണ്ട്. സ്‌പൈസ്‌ജെറ്റ് (78.7 ശതമാനം), വിസ്താര (74.5 ശതമാനം) എന്നിവയാണ് ഓൺടൈം പെർഫോമൻസിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.