യെസ് 3ഡി 2017 ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: September 12, 2017

കൊച്ചി : കെഎസ്‌ഐഡിസി സംഘടിപ്പിക്കുന്ന യെസ് 3ഡി 2017 ഹോട്ടൽ ലെ മെറിഡിയനിൽ ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ, കായിക, യുവജനകാര്യമന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.എൽ.എ.മാർ, എം.പി.മാർ, ഉന്നത ഉദ്യോഗസ്ഥർ, മറ്റുവിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുക്കും.

കാർഷിക-ഭക്ഷ്യ സംസ്‌ക്കരണ മേഖല, സ്ഥായിയായ സാങ്കേതികവിദ്യ, ജൈവ
സാങ്കേതികവിദ്യ, ബയോമെഡിക്കൽ സാങ്കേതികവിദ്യ, ഭാവിയിലേക്കുള്ള സാങ്കേതികവിദ്യകൾ തുടങ്ങിയ സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്കും യെസ് 2017 വേദിയാകും. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള മികച്ച വിജയം കൈവരിച്ച സ്റ്റാർട്ട് അപ്പുകൾ, വ്യവസായ മേധാവികൾ, വെഞ്ച്വർ കാപ്പിറ്റൽ മേഖലയിലുള്ളവർ എന്നിവർക്ക് സംസ്ഥാനത്തു നിന്നുള്ളവരുമായി സംവദിക്കാനും അവസരമൊരുക്കും. സ്റ്റാർട്ടപ്പ് ഇന്ത്യാ പരിപാടികളെക്കുറിച്ചുള്ള ചർച്ചയും പരിപാടികളിൽ ഉൾപ്പെടുന്നു. സ്റ്റാർട്ടപ്പ് ഇന്ത്യാ സംഘത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ സ്റ്റാർട്ടപ്പ് മേഖലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുമായി ആശയ വിനിമയവും നടത്തും.

യുവ സംരംഭകരുടെ നവീനമായ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്ന പ്രദർശനമായിരിക്കും യെസ് 2017 ലെ മറ്റൊരു ആകർഷണം. തേങ്ങ പറിക്കുന്ന ഡ്രോണുകൾ മുതൽ റോബോട്ടുകളും റോബോട്ട് കരങ്ങളും വരെയുള്ളവ ഈ പ്രദർശനത്തിലുണ്ടാകും.ഇന്ന് ഉച്ചയ്ക്ക് 12 മുതൽ പൊതുജനങ്ങൾക്ക് പ്രദർശനം കാണാൻ അവസരമുണ്ടായിരിക്കും.

TAGS: KSIDC | YES 3D 2017 |