ഇൻഫോസിസ് പ്രതിസന്ധി : നിക്ഷേപകർക്കും പ്രതിഷേധം

Posted on: August 20, 2017

ബംഗലുരു : വിശാൽ സിക്കയുടെ രാജിക്ക് ഇടയാക്കിയ സംഭവവികാസങ്ങളിൽ ഇൻഫോസിസ് നിക്ഷേപകർക്കിടയിൽ ശക്തമായ പ്രതിഷേധം. ഏത്രയും വേഗം സിക്കയുടെ പിൻഗാമിയെ നിശ്ചയിച്ചില്ലെങ്കിൽ പ്രശ്‌നങ്ങൾ കൂടുതൽ വഷളായേക്കും. ക്ലൗഡ് കംപ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ പുതിയ വിവരസാങ്കേതിക മേഖലകളിലേക്കുള്ള ഇൻഫോസിസിന്റെ വൈവിധ്യവത്കരണ പദ്ധതികളും അവതാളത്തിലാകും. സ്ഥാപകരുടെ കഴിഞ്ഞകാല നിലപാടുകളുടെ പശ്ചാത്തലത്തിൽ പുതിയ സിഇഒയെ കണ്ടെത്തുക അത്ര എളുപ്പവുമല്ല.

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു. എൽഐസിക്ക് ഇൻഫോസിസിൽ 7.03 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ബൈബാക്ക് ഓഫറിൽ ഭാഗികമായെങ്കിലും എൽഐസി പങ്കാളികളാകുമെന്നാണ് സൂചന. സമീപകാലത്തൊന്നും വലിയ മുന്നേറ്റം പ്രതീക്ഷിക്കാനാവാത്തതിനാൽ ചെറുകിട നിക്ഷേപകർ ഇൻഫോസിസിൽ നിന്ന് വൻതോതിൽ പിൻവാങ്ങാനും ഇടയുണ്ട്.

ഇതിനിടെ ഇൻഫോസിസും ഡയറക്ടർമാരും ഫെഡറൽ സെക്യൂരിറ്റി നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് യുഎസിലെ നാല് നിയമസ്ഥാപനങ്ങൾ രംഗത്ത് വന്നു. നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വിവരങ്ങൾ നൽകിയെന്നാണ് കമ്പനിക്കെതിരെയുള്ള ആരോപണമെന്ന് റോസൻ ലോ ഫേം വെളിപ്പെടുത്തി. ന്യൂയോർക്ക് സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഇൻഫോസിസ് എഡിആർ (അമേരിക്കൻ ഡിപ്പോസിറ്ററി റെസിപ്റ്റ്) വില വിശാൽ സിക്കയുടെ രാജിയെ തുടർന്ന് 9 ശതമാനം കുറഞ്ഞു.