എച്ച്-1 ബി വിസ : ഇൻഫോസിസ് മെക്‌സിക്കോയിൽ വൻ വികസനത്തിന്

Posted on: June 9, 2017

ബംഗലുരു : ട്രംപ് ഭരണകൂടം ഇന്ത്യൻ ഐടി കമ്പനികൾക്ക് എച്ച്-1 ബി വിസ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇൻഫോസിസ് മെക്‌സിക്കോയിൽ കൂടുതൽ വികസനത്തിന് ഒരുങ്ങുന്നു. ഇൻഫോസിന് 2015 ൽ 2,830 ഉം 2016 ൽ 2,376 ഉം എച്ച്-1 ബി വിസ അനുവദിക്കപ്പെട്ടിരുന്നു. കൂടുതൽ നിയന്ത്രണങ്ങൾ വരുന്ന പക്ഷം ഐടി ജോലികൾ മെക്‌സിക്കോയിലേക്ക് മാറ്റാൻ ഇൻഫോസിസ് ഉൾപ്പടെയുള്ള ഇന്ത്യൻ ഐടി കമ്പനികൾ നിർബന്ധിതമായേക്കും.

ഇന്ത്യയിലെ മെക്‌സിക്കൻ എംബസിയും മെക്‌സിക്കൻ സംസ്ഥാനമായ നുഇവോ ലിയോണും ഇന്ത്യൻ ഐടി കമ്പനികളെ സ്വാഗതം ചെയ്തുകഴിഞ്ഞതായി ഡിഎച്ച് ന്യൂസ് സർവീസ് റിപ്പോർട്ട് ചെയ്തു. മെക്‌സിക്കോയിൽ 2007 മുതൽ സാന്നിധ്യമുള്ള ഇൻഫോസിസിന് മെക്‌സിക്കൻ സിറ്റിയിലും മൊണ്ടെറിയിലുമായി രണ്ട് ഓഫീസുകളുണ്ട്. 2017 മാർച്ച് 31 ന് അവസാനിച്ച വർഷം മെക്‌സിക്കൻ സബ്‌സിഡയറി 128 കോടി രൂപ വരുമാനവും 41 കോടി രൂപ അറ്റാദായവും നേടി.