തീവ്രവാദികൾക്കുള്ള പിന്തുണ : സൗദിയും യുഎഇയും ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു

Posted on: June 5, 2017

മനാമ : തീവ്രവാദ ഗ്രൂപ്പുകൾക്ക് ഖത്തർ സാമ്പത്തിക പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം പിൻവലിച്ചു. ഖത്തറുമായുള്ള വ്യോമ-നാവിക ബന്ധങ്ങളും അവസാനിപ്പിച്ചിട്ടുണ്ട്. ഖത്തറിലുള്ള നയതന്ത്ര പ്രതിനിധികളോട് നാട്ടിലേക്ക് മടങ്ങാനും നാലു രാജ്യങ്ങളും ആവശ്യപ്പെട്ടു. ഖത്തർ നയതന്ത്ര പ്രതിനിധികളോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ യുഎഇ നിർദേശിച്ചു. ഖത്തർ പൗരൻമാർക്ക് രാജ്യം വിടാൻ ബഹ്‌റൈൻ 14 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്.

ഖത്തറിലേക്കുള്ള യാത്രകളും താമസവും ബഹ്‌റൈൻ വിലക്കിയിട്ടുണ്ട്. സൗദിയിലും ബഹ്‌റൈനിലുമുള്ള തീവ്രവാദ ഗ്രൂപ്പുകൾക്ക് ഖത്തർ നേരിട്ടും അല്ലാതെയും പിന്തുണ നൽകിവരുന്നതായി സൗദി അറേബ്യ കുറ്റപ്പെടുത്തി. യെമനിൽ അറബ് സഖ്യ സേന നടത്തുന്ന പോരാട്ടങ്ങളിൽ നിന്ന് ഖത്തർ സൈന്യത്തെ ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദി പ്രസ് ഏജൻസി വ്യക്തമാക്കി. സംഭവികാസങ്ങളോട് ഖത്തർ ഭരണകൂടം ഇതേവരെ പ്രതികരിച്ചിട്ടില്ല.

ജിസിസിയിലെ നാല് പ്രമുഖ രാജ്യങ്ങളുടെ നടപടി ഖത്തറിന്റെ സാമ്പത്തിക – വ്യവസായ, ടൂറിസം മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കും. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി, ഖത്തർ എയർവേസ്, ദോഹ ബാങ്ക് തുടങ്ങിയ ഖത്തറിന്റെ മുൻനിര സാമ്പത്തിക സ്ഥാപനങ്ങൾക്ക് ജിസിസി വിലക്ക് വലിയ വെല്ലുവിളി ഉയർത്തും.

TAGS: Qatar | State Of Qatar |