റിലയൻസ് കാപ്പിറ്റൽ പേടിഎമ്മിലെ ഓഹരിവിൽക്കാനൊരുങ്ങുന്നു

Posted on: February 17, 2017

മുംബൈ : റിലയൻസ് കാപ്പിറ്റൽ ഡിജിറ്റൽ വാലറ്റ് കമ്പനിയായ പേടിഎമ്മിലെ ഒരു ശതമാനം ഓഹരിവിൽക്കാനൊരുങ്ങുന്നു. പേടിഎമ്മിന്റെ ഉടമകളായ വൺ97 കമ്യൂണിക്കേഷൻസിലെ ഓഹരി വില്പനയിലൂടെ 50-60 മില്യൺ ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഓഹരിവില്പന സംബന്ധിച്ച ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല. റിലയൻസ് ഗ്രൂപ്പ് ആരംഭിക്കുന്ന പേമെന്റ് ബാങ്കിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ഓഹരിവില്പന.

പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മ കഴിഞ്ഞ വർഷം ഒരു ശതമാനം ഓഹരി വിറ്റ് 325 കോടി രൂപ സമാഹരിച്ചിരുന്നു. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ മൂലധന നിക്ഷേപം നടത്തിയിട്ടുള്ള പേടിഎമ്മിന്റെ ഇപ്പോഴത്തെ മൂല്യം 4.8 ബില്യൺ ഡോളറാണ്.