സിയാൽ ടെർമിനൽ – 3 മാർച്ച് രണ്ടാംവാരം തുറക്കും

Posted on: January 28, 2017

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെർമിനൽ ടി – 3 മാർച്ച് രണ്ടാംവാരം തുറക്കും. പുതിയ ടെർമിനലിന്റെ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. പതിനഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ടെർമിനൽ, ഏപ്രൺ, ഫ്‌ളൈഓവർ എന്നിവ നിർമ്മിക്കാൻ 1,100 കോടി രൂപയാണ് സിയാൽ മുതൽമുടക്കിയിട്ടുള്ളത്.

പുതിയ അന്താരാഷ്ട്ര ടെർമിനലിൽ 84 ചെക്ക് ഇൻ കൗണ്ടറുകൾ, 80 എമിഗ്രേഷൻ കൗണ്ടറുകൾ, വാക്കലേറ്റർ, 360 ഇമേജിങ്ങോടു കൂടിയ ബാഗേജ് സ്‌കാനർ, വാക് ത്രൂ ഡ്യൂട്ടിഫ്രീ, 10 എയ്‌റോ ബ്രിഡ്ജുകൾ, 10 എസ്‌കലേറ്ററുകൾ, 21 എലവേറ്ററുകൾ, 3000 സുരക്ഷാ ക്യാമറകൾ, സോളർ പാനലുകൾ മേൽക്കൂരയിൽ ഘടിപ്പിച്ച കാർ പാർക്കിംഗ് തുടങ്ങി നിരവധി സവിശേഷതകളുണ്ട്.

ടെർമിനൽ – 3 പ്രവർത്തനമാരംഭിക്കുമ്പോൾ നിലവിലുള്ള അന്താരാഷ്ട്ര ടെർമിനൽ ആഭ്യന്തര വിമാനസർവീസുകളുടെ ഭാഗമാകും. നിലവിലുള്ള ഇന്റർനാഷണൽ, ഡൊമസ്റ്റിക് ടെർമിനലുകളുടെ രണ്ടര ഇരട്ടി വിസ്തീർണമാണ് പുതിയ ടെർമിനൽ -3 ക്കുള്ളത്.