സ്‌പൈസ് ജെറ്റ് 205 ബോയിംഗ് വിമാനങ്ങൾക്ക് ഓർഡർ നൽകി

Posted on: January 13, 2017

ന്യൂഡൽഹി : സ്‌പൈസ് ജെറ്റ് 205 വിമാനങ്ങൾ വാങ്ങാൻ ബോയിംഗ് കമ്പനിക്ക് ഓർഡർ നൽകി. ആകെ 2200 കോടി ഡോളറിന്റേതാണ് ( ഏകദേശം 1.5 ലക്ഷം കോടി രൂപ)ഇടപാട്. ഇന്ത്യൻ വ്യോമയാന വ്യവസായത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ഓർഡറാണിത്. നിലവിൽ നൽകിയിട്ടുള്ള 55 വിമാനത്തിനുള്ള ഓർഡറിനു പുറമേ നൂറ് ബി 737-8 മാക്‌സ് വിമാനവും 50 ഡ്രീംലൈനർ, ബി-737 വിമാനങ്ങളുടെ വാങ്ങൽ അവകാശവുമാണ് ഈ ഓർഡറിൽ ഉൾപ്പെടുന്നതെന്ന് സ്‌പൈസ് ചെയർമാൻ അജയ് സിംഗ് അറിയിച്ചു.

തുടർച്ചയായ ഏഴു ക്വാർട്ടറുകളായി സ്‌പൈസ് ജെറ്റ് ലാഭം നേടിവരികയാണ്. സമയനിഷ്ഠയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കമ്പനിയിൽ കാൻസലേഷൻ ഏറ്റവും കുറവുമാണ്. ഇരുപതുമാസമായി ഓരോ മാസത്തിലും ലോഡ് ഫാക്ടർ 90 ശതമാനത്തിനു മുകളിലുമാണെന്ന് സിംഗ് പറഞ്ഞു.

ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിലും പുതിയ ലക്ഷ്യങ്ങളിലേക്കും വിമാന സർവീസുകൾ വ്യാപിപ്പിക്കുവാൻ ഞങ്ങൾ ഇപ്പോൾ പ്രാപ്തരാണെന്ന് അജയ് സിംഗ് കൂട്ടിച്ചേർത്തു. 2005 ലാണ് സ്‌പൈസ് ജെറ്റ് ആദ്യമായി നെക്സ്റ്റ് ജനറേഷൻ ബി 737 ബോയിംഗിന് ഓർഡർ നൽകിയത്.

ഒരു ദശകത്തിലിധികമായി സ്‌പൈസ് ജെറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തങ്ങളെ 205 വിമാനങ്ങളുടെ ഓർഡർകൊണ്ട് കമ്പനി ബഹുമാനിച്ചിരിക്കുകയാണെന്ന് ബോയിംഗ് കമ്പനി വൈസ് ചെയർമാൻ റേ കോണർ പറഞ്ഞു.

എറ്റവും പുതിയ സാങ്കേതികവിദ്യയിലധിഷ്ഠിതമായ സിഎഫ്എം ഇന്റർനാഷണൽ ലീപ് 1ബി എൻജിൻ, ഏറ്റവും പുതിയ വിംഗ്‌ലെറ്റ് ടെക്‌നോളജി, മികച്ച പ്രകടനത്തിനു സഹായിക്കുന്ന വിധത്തിലുള്ള നവീകരണം, സുഖകരമായ യാത്ര തുടങ്ങിയവയോടെയാണ് പുതിയ ബോയിംഗ് ബി737 മാക്‌സ് പുറത്തിറങ്ങുന്നത്. ആദ്യതലമുറ ബി 737 ബോയിംഗിനേക്കാൾ 20 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ് മാക്‌സ് ബോയിംഗുകൾ. അതേപോലെ ഓരോ സീറ്റിനുമുള്ള പ്രവർത്തനച്ചെലവ് ഏറ്റവും അടുത്ത എതിരാളിയുടേതിനേക്കാൾ എട്ടു ശതമാനം കുറവാണ്.

സ്‌പൈസ് ജെറ്റ് ആറ് രാജ്യാന്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെടെ 45 സ്ഥലങ്ങളിലേക്കായി പ്രതിദിനം 336 ഫ്‌ളൈറ്റുകൾ നടത്തുന്നു. മുപ്പത്തിരണ്ട് നെക്സ്റ്റ് ജനറേഷൻ ബി 737-ഉം 17 ബൊംബാർഡിയർ ക്യു 400 ആണ് സ്‌പൈസ് ജെറ്റ് ശ്രേണിയിലുള്ളത്.