കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 87 ലക്ഷം യാത്രക്കാർ

Posted on: January 7, 2017

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിലും കാർഗോയിലും 2016 ൽ വൻ വളർച്ച രേഖപ്പെടുത്തി. 2015 നെ അപേക്ഷിച്ച് 2016 ൽ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 17.8 ശതമാനം വർധനവ് രേഖപ്പെടുത്തി.

കൊച്ചി വിമാനത്താവളം വഴി 2015-ൽ 74,16,053 പേരാണ് യാത്ര ചെയ്തത്. ഇതിൽ 30,03,497 പേർ ആഭ്യന്തര യാത്രക്കാരായിരുന്നു. രാജ്യാന്തരയാത്രക്കാരുടെ എണ്ണം 44,12,556. അതേ വർഷത്തിൽ 56,196 തവണ വിമാനങ്ങൾ സർവീസ് നടത്തി (എയർ ക്രാഫ്റ്റ് മൂവ്‌മെന്റ്).

ആഭ്യന്തര യാത്രക്കാരുടെ എണ്ണം 37,64,640 ഉം രാജ്യാന്തര യാത്രക്കാരുടെ എണ്ണം 49,71,421 ഉം ആണ്. ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 25.34 ശതമാനം ആണ് വർധനവുണ്ടായി. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലുള്ള വളർച്ചാനിരക്ക് 12.67 ശതമാനമാണ്. 2016 ൽ എയർക്രാഫ്റ്റ് മൂവ്‌മെന്റ് 61,463 ആയി വർധിച്ചു. തായ്‌ലൻഡിലേയ്ക്ക് നേരിട്ട് ഏയർ ഏഷ്യ സർവീസ് നടത്തിയത് രാജ്യാന്തര യാത്രക്കാരുടെ എണ്ണം വർധിക്കാനും ഡൽഹി, മുംബൈ, ബാംഗലുരു സർവീസുകൾ വർധിച്ചത് ആഭ്യന്തര യാത്രക്കാരുടെ എണ്ണം വർധിക്കാനും കാരണമായി.

സിയാൽ 2016 ൽ കൈകാര്യം ചെയ്ത കാർഗോയിൽ 15.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2015 ൽ 73,849.20 ടൺ കാർഗോയാണ് സിയാൽ കൈകാര്യം ചെയ്തത്. 2016 ൽ അത് 85,339.10 ടൺ ആയി ഉയർന്നു. ഇതിൽ 58,261.3 ടൺ പെരിഷബിൾ കാർഗോയാണ്.

2016-ൽ ഡിസംബർ മാസത്തിലാണ് കൊച്ചിയിലൂടെ ഏറ്റവുമധികം പേർ യാത്ര ചെയ്തത്.8,19,395 യാത്രക്കാർ. യാത്രക്കാരുടെ എണ്ണം ഏറ്റവും കുറഞ്ഞമാസം ഫെബ്രുവരിയാണ്. 614531 പേർ. സിയാൽ 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പണികഴിപ്പിച്ച പുതിയ രാജ്യാന്തര ടെർമിനൽ ( ടി-3 ) സുരക്ഷാ ഏജൻസികളുടെ പരിശോധന കഴിയുന്ന മുറയ്ക്ക് പ്രവർത്തനമാരംഭിക്കും. ടി -3 പ്രവർത്തനം തുടങ്ങുന്നതോടെ നിലവിലെ രാജ്യാന്തര ടെർമിനൽ ആഭ്യന്തര ടെർമിനലായി മാറും. 1999-ൽ തുടങ്ങിയ വിമാനത്താവളം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒരാളാണ്. ഏകദേശം 7600 പേർ നിലവിൽ വിമാനത്താവളത്തിൽ ജോലി ചെയ്യുന്നുണ്ട്.