അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Posted on: January 4, 2017

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഗോവയിലും മണിപ്പൂരിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 20 ലക്ഷം രൂപയാണ്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 28 ലക്ഷം രൂപ വീതവും ചെലവഴിക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ നാസിം സെയ്ദി പറഞ്ഞു.

ആദ്യഘട്ടത്തിൽ പഞ്ചാബ് (117 മണ്ഡലം), ഗോവ (40), ഉത്തരാഖണ്ഡ് (70) എന്നീ സംസ്ഥാനങ്ങളിൽ ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ് നടക്കും. മണിപ്പൂരിൽ മാർച്ച് നാലിനും എട്ടിനും രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്.

ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 11, 15, 19, 23, 27, മാർച്ച് 4, 8 എന്നീ തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 11 നാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ.