പ്രേം വാട്‌സ കാത്ത്‌ലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു

Posted on: November 28, 2016

prem-watsa-big-a

കൊച്ചി : കനേഡിയൻ ബില്യണയർ പ്രേം വാട്‌സയുടെ ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് കാത്ത്‌ലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി സൂചന. ഇന്ത്യയിലെ ഒരു പ്രാദേശിക ബാങ്കിനെ വിദേശ നിക്ഷേപകൻ ഏറ്റെടുക്കുന്നത് ആദ്യമാണെന്ന് ഇക്‌ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ സിഎസ്ബി കേന്ദ്രങ്ങൾ വാർത്ത സ്ഥിരീകരിക്കാൻ തയാറായിട്ടില്ല. കാത്ത്‌ലിക് സിറിയൻ ബാങ്കിന്റെ 10 ശതമാനത്തിലധികം ഓഹരികൾ വാങ്ങാൻ ഈ വർഷം ജൂണിൽ ഫെയർഫാക്‌സ് റിസർവ് ബാങ്കിന്റെ അനുമതി തേടിയിരുന്നു.

പ്രേം വാട്‌സ കഴിഞ്ഞ വെള്ളിയാഴ്ച റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിനെ കണ്ടിരുന്നു. ഫെയർഫാക്‌സ് ഹോൾഡിംഗ്‌സ് ബോർഡ് മെംബറും എച്ച്ഡിഎഫ്‌സി ചെയർമാനുമായ ദീപക് പരേഖും അദേഹത്തോടൊപ്പമുണ്ടായിരുന്നു. ഏറ്റെടുക്കലിന് അനുമതി തേടിയാണ് പ്രേം വാട്‌സ ആർബിഐ ഗവർണറെ കണ്ടതെന്നാണ് സൂചന.

തൃശൂർ ആസ്ഥാനമായി 1920 ൽ ആരംഭിച്ച കാത്ത്‌ലിക് സിറിയൻ ബാങ്കിന് 430 ലെറെ ശാഖകളും 240 എടിഎമ്മുകളുമുണ്ട്. നടപ്പു ധനകാര്യവർഷം ആദ്യപകുതിയിൽ ബാങ്ക് 53 കോടി രൂപ അറ്റാദായം നേടിയിരുന്നു. ആന്ധ്ര ബാങ്ക് മുൻ ചെയർമാൻ സി വി ആർ രാജേന്ദ്രനെ അടുത്തയിടെയാണ് സിഎസ്ബി മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ചത്.