ലുലു ഗ്രുപ്പ് യുഎസിൽ പ്രവർത്തനമാരംഭിച്ചു

Posted on: November 4, 2016

lulu-y-international-us-ina

ന്യൂജേഴ്‌സി : പദ്മശ്രീ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് യുഎസിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു . ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്‌സ് കേന്ദ്രം – വൈ ഇന്റർനാഷണൽ  ന്യജേഴ്‌സിയിൽ പ്രവർത്തനം തുടങ്ങി. 20 മില്യൺ യുഎസ് ഡോളറാണ് പ്രാരംഭ മുതൽമുടക്ക്. അമേരിക്കയിലേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി രൂപം നൽകിയ സെലക്ട് യുഎസ്എ പദ്ധതി പ്രകാരമാണ് ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുള്ളത്.

ന്യുജഴ്‌സി ബെർജൻ കൗണ്ടിയിലെ ലിൻഡറസ്റ്റ് മേയർ റോബർട്ട് ഗിയാൻ ജെറുസോയും, എഡ്ജ്‌വാട്ടർ മേയർ മൈക്കൽ ജെ. മക് പാർട്ട്‌ലാൻഡും ചേർന്ന് ഉദ്ഘാടനം ചെയ്തു. സെലക്ട് യുഎസ്എ എക്‌സിക്യൂട്ടീവ് ഡയറക്ടർ വിനയ് തുമ്മലപ്പള്ളി, ചൂസ് ന്യൂജേഴ്‌സി സിഇഒ മിഷെൽ ബ്രൗൺ, ഉന്നതഉദ്യോഗസ്ഥർ, അമേരിക്കൻ ഇന്ത്യൻ ബിസിനസ്‌സമൂഹത്തിലെ പ്രമുഖർ തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി, എക്‌സിക്യുട്ടീ ഡയറക്ടർ എം എ അഷ്‌റഫലി, സിഇഒ സായിഫ് രൂപവാലാ, ലുലു ഡയറക്ടർമാരായ സലിം എം. എ, മുഹമ്മദ് അൽത്താഫ്, സിഒഒ സലിം വി. ഐ, വൈ ഇന്റർനാഷണൽ യുഎസ് റീജണൽ മാനേജർ സ്‌കോട്ട് വെബർ എന്നിവരും സംബന്ധിച്ചു.

വടക്കേ അമേരിക്കയിലെ ഭക്ഷ്യ, ഭക്ഷേതര ഫ്രോസൺ ഉത്പന്നങ്ങൾ സംഭരിച്ച് ഗൾഫ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലൂടെ വിപണിയിലെത്തിക്കും. ഉന്നത ഗുണനിലവാരമുള്ള മെയ്ഡ് ഇൻ യുഎസ് ഉത്പന്നങ്ങൾ സംഭരിക്കുക, വിവിധ രാജ്യങ്ങളിലേക്കുള്ള ഡേറ്റ് കോഡിങ്ങ്, അറബിക് ലേബലുകൾ, ഭക്ഷ്യ സംസ്‌കരണം മുതലായ സൗകര്യങ്ങളാണ് പുതിയ കേന്ദ്രത്തിലുള്ളത്.

അമേരിക്കയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതിലൂടെ ഗുണനിലവാരമുള്ള കൂടുതൽ അമേരിക്കൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കാൻ സാധിക്കുമെന്ന് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി പറഞ്ഞു. ആദ്യ ഘട്ടത്തിൽ 75 തൊഴിലവസരങ്ങളാണ് തദ്ദേശീയർക്ക് ലഭ്യമാകുന്നത്. പ്രവർത്തനം പൂർണ്ണ തോതിലാകുന്നതോടെ ഇരുനൂറോളം പുതിയ തൊഴിലവസരങ്ങളും ഉണ്ടാകും. വരുംവർഷങ്ങളിൽ അമേരിക്കയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും യൂസഫലി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ 100 കോടി രൂപയുടെ വിറ്റുവരവാണ് പുതിയ കേന്ദ്രത്തിലൂടെ പ്രതീക്ഷിക്കുന്നത്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് വൻ ഡിമാൻഡാണ് ലുലു ഹെപ്പർമാർക്കറ്റുകളിലെത്തുന്ന ഉപഭോക്താക്കളിൽ നിന്നുമുള്ളത്. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുവാൻ പുതിയ കേന്ദ്രം സഹായിക്കുമെന്ന് യൂസഫലി പറഞ്ഞു.

ഗൾഫ്‌രാജ്യങ്ങളിൽ ശക്തമായ സന്നിധ്യമുള്ള ലുലു ഗ്രൂപ്പ് അമേരിക്കയിലേക്ക് പ്രവർത്തന മേഖല വ്യാപിപ്പിച്ചത് വാണിജ്യമേഖലയിൽ പുത്തൻ ഉണർവ് ഉണ്ടാക്കുമെന്ന് ചൂസ് ന്യൂജേഴ്‌സി സിഇഒ മിഷെൽ ബ്രൗൺ പറഞ്ഞു. അമേരിക്കയിലെ ഭക്ഷ്യ-ഭക്ഷ്യേതര നിർമ്മാതാക്കൾക്ക് പുതിയ വിപണി ഇതിലൂടെ തുറന്ന് കിട്ടുമെന്നും അവർ പറഞ്ഞു.