സിയാൽ പുതിയ രാജ്യാന്തര ടെർമിനൽ സെപ്റ്റംബറിൽ

Posted on: July 31, 2016

CIAL-T3-aerobridges-Big

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ഇന്റർനാഷണൽ ടെർമിനൽ ടി 3 സെപ്റ്റംബറിൽ പ്രവർത്തനക്ഷമമാകും. ആയിരം കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച പുതിയ ടെർമിനലിന് 15 ലക്ഷം ചതുരശ്രഅടിയാണ് വിസ്തീർണം. പുതിയ ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ സിയാലിന്റെ ടെർമിനലുകൾ ഇനി നമ്പറിലൂടെയാകും അറിയപ്പെടുക. ആഭ്യന്തര ടെർമിനൽ ടി 1 എന്നും എക്‌സിക്യൂട്ടീവ് ടെർമിനൽ ടി2 എന്നും അറിയപ്പെടും.

പുതിയ രാജ്യാന്തര ടെർമിനൽ മൂന്നു നിലകളിലായിട്ടാണ്. താഴെ അറൈവൽ വിഭാഗവും മുകളിൽ ഡിപ്പാർച്ചർ വിഭാഗവും പ്രവർത്തിക്കും. ഒരേസമയം 4000 യാത്രക്കാരെ ഇവിടെ കൈകാര്യം ചെയ്യാനാകും. ഡിപ്പാർച്ചർ വിഭാഗത്തിൽ 56 ചെക്കിൻ കൗണ്ടറുകളും 48 ഇമിഗ്രേഷൻ കൗണ്ടറുകളും ഉണ്ടാകും. 13 സെക്യൂരിറ്റി ഗേറ്റ്, രണ്ടു ഫുഡ് കോർട്ട്, നാലു പ്രത്യേക ലോഞ്ച് എന്നിവയുമുണ്ടാകും. അറൈവൽ ഏരിയയിൽ 50 ഇമിഗ്രേഷൻ കൗണ്ടർ, ആറു കൺവേയർ ബെൽറ്റ് എന്നിവ ഉണ്ടാകും.

പുതിയ ടെർമിനലിൽ 15 വിമാനങ്ങൾ പാർക്ക് ചെയ്യാനാകും. വിമാനങ്ങളുടെ രണ്ട് വാതിലുകളിലും ഘടിപ്പിക്കാവുന്ന വിധത്തിൽ അഞ്ച് ഇരട്ട എയ്‌റോബ്രിഡ്ജുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വിമാനമിറങ്ങുന്ന യാത്രക്കാർക്കായി വോക് -ത്രൂ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ. അരലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള വോക് – ത്രൂ ഡ്യൂട്ടി ഫ്രീയാണു പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുള്ളത്.

പുതിയ രാജ്യാന്തര ടെർമിനലിൽ അത്യാധുനിക ബാഗേജ് മാനേജ്‌മെന്റ് സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അഞ്ചു കൺവെയർ ബെൽറ്റുകളാണുള്ളത്. അത്യാധുനിക കോമൺ യൂസ് പാസഞ്ചർ പ്രോസസിംഗ് സിസ്റ്റം, കോമൺ യൂസ് സെൽഫ് സർവീസ് കിയോസ്‌ക്, ബാഗേജ് റി കൺസിലിയേഷൻ സിസ്റ്റം എന്നിവയും സജ്ജമാക്കും. 130 ചെക്ക് ഇൻ വർക്ക് സ്‌റ്റേഷൻ, 20 ബോർഡിംഗ് സ്‌റ്റേഷൻ എന്നിവ ടെർമിനലിന്റെ ഭാഗമായുണ്ടാകും. ടെർമിനലിനു പുറത്തു കാന്റീനും 1500 കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് യാർഡും പൂർത്തിയായി വരുന്നു.