ഫെയർഫാക്‌സ് കാത്ത്‌ലിക് സിറിയൻ ബാങ്കിൽ ഓഹരിനിക്ഷേപത്തിന് അനുമതി തേടി

Posted on: June 27, 2016

Catholic-Syrian-Bank-new-Lo

മുംബൈ : കാത്ത്‌ലിക് സിറിയൻ ബാങ്കിന്റെ 10 ശതമാനത്തിലധികം ഓഹരികൾ വാങ്ങാൻ കാനഡയിലെ ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് റിസർവ് ബാങ്കിന്റെ അനുമതി തേടിയതായി ഇക്‌ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഫെയർഫാക്‌സ് ഉൾപ്പടെ നിരവധി നിക്ഷേപകരുമായി ചർച്ച നടത്തിവരികയാണെന്ന് ബാങ്ക് ചെയർമാൻ എസ്. സന്താനകൃഷ്ണൻ സ്ഥിരീകരിച്ചു. കാത്ത്‌ലിക് സിറിയൻ ബാങ്കിന് കഴിഞ്ഞവർഷം ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബിയുടെ അനുമതി ലഭിച്ചിരുന്നു.

പ്രവാസി വ്യവസായികളായ പദ്മശ്രീ എം എ യൂസഫലി, രവി പിള്ള തുടങ്ങിയവർ തൃശൂർ ആസ്ഥാനമായുള്ള കാത്ത്‌ലിക് സിറിയൻ ബാങ്കിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ബാങ്കിന് 430 ലേറെ ശാഖകളും 240 ലേറെ എടിഎമ്മുകളുമുണ്ട്. പകുതിയിലേറെ ശാഖകൾ കേരളത്തിലുള്ള സിഎസ്ബി 2015-16 സാമ്പത്തികവർഷം നഷ്ടം രേഖപ്പെടുത്തി.

ഇന്തോ-കനേഡിയൻ വ്യവസായിയായ പ്രേം വാട്‌സയുടെ നിക്ഷേപസ്ഥാപനമാണ് ഫെയർഫാക്‌സ്. ഹൈദരാബാദിൽ ജനിച്ച പ്രേം വാട്‌സയ്ക്ക് ബാങ്കിംഗ്, ഇ്ൻഷുറൻസ്, കെമിക്കൽസ് ബിസിനസുകളിൽ താത്പര്യങ്ങളുണ്ട്. ഇന്ത്യയിൽ ജിവികെ ബാംഗളൂർ ഇന്റർനാഷണൽ എയർപോർട്ട്, ഐഐഎഫ്എൽ, ഐസിഐസിഐ ലെംബാർഡ് ജനറൽ ഇൻഷുറൻസ്, നാഷണൽ കൊളാറ്ററൽ മാനേജ്‌മെന്റ് സർവീസസ് എന്നിവയിലായി പ്രേം വാട്‌സ ഒരു ബില്യൺ ഡോളറിലേറെ നിക്ഷേപം നടത്തിയിട്ടുണ്ട്.