ഗൾഫ് എയർലൈനുകൾ ഇന്ത്യൻ വിമാനക്കമ്പനികളിൽ മൂലധനനിക്ഷേപത്തിന്

Posted on: June 26, 2016

Gulf-Big-3-big

ദുബായ് : വ്യോമയാന മേഖലയിൽ വിദേശനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ ഗൾഫ് എയർലൈനുകൾ ഇന്ത്യൻ വിമാനക്കമ്പനികളിൽ മൂലധന നിക്ഷേപത്തിനൊരുങ്ങുന്നു. ഖത്തർ എയർവേസ്, എയർ അറേബ്യ, ഒമാൻ എയർ തുടങ്ങിയ കമ്പനികൾ ഇന്ത്യൻ വിമാനക്കമ്പനികളിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും എമിറേറ്റ്‌സും ഇന്ത്യൻ വിപണിയിൽ നിർണായക പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്.

യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് ആണ് ഈ ദിശയിൽ ആദ്യ ചുവടുവെയ്പ്പ് നടത്തിയത്. വർഷങ്ങൾക്ക് മുമ്പേ ജെറ്റ് എയർവേസിൽ ഓഹരിപങ്കാളിത്തം നേടിയ ഇത്തിഹാദ് ഇന്ത്യൻ വിപണിയിൽ കാര്യമായ വളർച്ച കൈവരിക്കുകയും ചെയ്തു. എയർ ഏഷ്യയും സിംഗപ്പൂർ എയർലൈൻസും ടാറ്റാ ഗ്രൂപ്പുമായി ചേർന്ന് സംയുക്തസംരംഭങ്ങൾ ആരംഭിച്ചു.

ഖത്തർ എയർവേസ് ഒരു വേള സ്‌പൈസ്‌ജെറ്റ് ഏറ്റെടുക്കാൻ ഗൗരവമായ ചർച്ചകൾ നടത്തി. ദോഹ ഹബിൽ നിന്നും ആഗോള വളർച്ച ലക്ഷ്യമിടുന്ന സ്‌പൈസ്‌ജെറ്റ് ഇപ്പോഴും ഇന്ത്യയിൽ അനുയോജ്യരായ പങ്കാളിയെ തേടുന്നുണ്ട്. പബ്ലിക് ഇഷ്യുവിന് മുമ്പ് ഇൻഡിഗോയുടെ പേരും വിദേശനിക്ഷേപത്തിന് പലവട്ടം പരിഗണിക്കപ്പെട്ടിരുന്നു.

ഏറ്റവും ഒടുവിൽ രംഗത്ത് എത്തിയിട്ടുള്ളത് ഒമാൻ എയർ ആണ്. ഇന്ത്യൻ വിമാനക്കമ്പനികളിൽ മുതൽമുടക്കാനുള്ള അവസരം നഷ്ടപ്പെടുത്തില്ലെന്ന് ഒമാൻ എയർ സിഇഒ പോൾ ഗ്രെഗോറോവിച്ച് കഴിഞ്ഞദിവസം വ്യക്തമാക്കി. ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗത ഉടമ്പടി പ്രകാരം 21,149 സീറ്റുകളാണുള്ളത്. സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയോ ഓപ്പൺ സ്‌കൈ പോളിസി പ്രാബല്യത്തിൽ വരികയോ ചെയ്താൽ ഇന്ത്യൻ വിമാനക്കമ്പനിയുമായുള്ള പങ്കാളിത്തം നേട്ടമാകുമെന്നാണ് ഒമാൻ എയറിന്റെ വിലയിരുത്തൽ. ഫ്‌ളീറ്റ് നവീകരണത്തോടൊപ്പം മസ്‌ക്കറ്റിൽ നിന്ന് കൂടുതൽ അന്താരാഷ്ട സർവീസുകൾ ആരംഭിക്കാനും ഒമാൻ എയറിന് പദ്ധതിയുണ്ട്.

നിക്ഷേപം നടത്താൻ ഗൾഫിലെ ഒരു വിമാനക്കമ്പനി മുന്നോട്ടുവന്നതായി
ബംഗലുരു ആസ്ഥാനമായുള്ള റീജണൽ എയർലൈൻ എയർപെഗാസസ് അടുത്തയിടെ സ്ഥിരീകരിച്ചിരുന്നു.