ഏറ്റവും വളർച്ചയുള്ള റീട്ടെയ്ൽ കമ്പനികളിൽ ലുലു ഗ്രൂപ്പ് 25 ാം സ്ഥാനത്ത്

Posted on: January 26, 2016

Lulu-Hypermarket-Big

ദുബായ് : ലോകത്തിലെ ഏറ്റവും വളർച്ചയുള്ള റീട്ടെയ്ൽ കമ്പനികളിൽ പദ്മശ്രീ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് 25 ാം സ്ഥാനത്ത്. രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനമായ ഡിലോയ്റ്റ് തയാറാക്കിയ ടോപ് 250 ഗ്ലോബൽ പവേഴ്‌സ് ഓഫ് റീട്ടെയ്‌ലിംഗ് ലിസ്റ്റിൽ ലുലു ഗ്രൂപ്പിന് 165 ാം സ്ഥാനമാണുള്ളത്.

യുഎസ് റീട്ടെയ്ൽ ഭീമനായ വാൾമാർട്ടാണ് ലിസ്റ്റിൽ ഒന്നാമത്. കോസ്റ്റ്‌കോ ഹോൾസെയിൽ കോർപറേഷൻ, ദ ക്രോഗർ കോ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. യുകെയിലെ ടെസ്‌കോ അഞ്ചാം സ്ഥാനത്തുണ്ട്. ജിസിസി ഉൾപ്പടെ 8 രാജ്യങ്ങളിലായി 121 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. മലേഷ്യ, ഇന്തോനേഷ്യ, ഇന്ത്യ, സൗദി അറേബ്യ, ബഹ്‌റിൻ എന്നിവിടങ്ങളിലും കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ തുറക്കും.

റീട്ടെയ്ൽ വിപണിയുടെ വളർച്ചയെക്കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ഇപ്പോഴത്തെ വിപണി സാഹചര്യങ്ങൾ താത്കാലിക പ്രതിഭാസമാണ്. അതിന്റെ പേരിൽ വികസനപദ്ധതികളുടെ വേഗം കുറയ്ക്കില്ലെന്നും അദേഹം വ്യക്തമാക്കി.