സോഫ്റ്റ് ബാങ്ക് ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കും

Posted on: January 16, 2016

SoftBank-CEO-Masayoshi-Son-

ന്യൂഡൽഹി : ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 10 ബില്യൺ ഡോളർ (67,000 കോടി രൂപ) മുതൽമുടക്കുമെന്ന് ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ മസായോഷി സൺ പറഞ്ഞു. സ്റ്റാർട്ടപ്പ് ഇന്ത്യ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ സോഫ്റ്റ് ബാങ്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തി. അടുത്ത വർഷം 10 ബില്യൺ ഡോളറായി വർധിപ്പിക്കും. 21 നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ഐടി നോളജും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും സർവോപരി ഉത്സാഹികളുമായ ജനതയാണ് ഇന്ത്യയിലുള്ളതെന്ന് മസായോഷി സൺ അഭിപ്രായപ്പെട്ടു.

അടുത്ത 10 വർഷത്തിനുള്ളിൽ ചൈനയേക്കാൾ മികച്ച നേട്ടം ഇന്ത്യയ്ക്ക് കൈവരിക്കാനാകും. ഇന്റർനെറ്റ്, സോളർ മേഖലകളാണ് എന്നെ അതിശയിപ്പിക്കുന്നത്. മൊബൈൽ ഇന്റർനെറ്റിന്റെ വേഗം തീരെ കുറവാണ്. കൂടുതൽ സ്‌പെക്ട്രം അനുവദിച്ചാൽ മൊബൈൽ ബ്രോഡ്ബാൻഡ് ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.