ലുലു ഗ്രൂപ്പ് യുപിയിൽ ആയിരം കോടിയുടെ നിക്ഷേപം നടത്തും

Posted on: January 6, 2016

UP-Pravasi-Diwas-Inaug-Big

ആഗ്ര : ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിൽ ആയിരം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ലക്‌നൗവിൽ ഷോപ്പിംഗ് മാൾ, ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നിവ നിർമ്മിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ആഗ്രയിൽ നടന്ന പ്രഥമ യുപി പ്രവാസി ദിവസിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്‌കരണ കമ്പനികളിൽ രണ്ടായിരത്തോളം യുപിക്കാർ ജോലിചെയ്യുന്നുണ്ട്. പുതിയ നിക്ഷേപത്തിലൂടെ 3,000 ൽപ്പരം ആളുകൾക്കു കൂടി ജോലി ലഭിക്കുമെന്ന് യൂസഫലി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിൽ മുതൽമുടക്കുമെന്ന യൂസഫലിയുടെ പ്രഖ്യാപനത്തെ വൻകരഘോഷത്തോടെയാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ളവർ സ്വീകരിച്ചത്.

UP-Pravasi-Diwas-Big

ഉത്തർപ്രദേശുമായി ആത്മബന്ധം വിശദീകരിച്ച് അലിഗഡ് സർവകലാശാല തനിക്ക് ഡോക്ടറേറ്റ് നൽകിയ കാര്യം എം എ യൂസഫലി അനുസ്മരിച്ചു. അലിഗഡിൽ ആൺകുട്ടികളുടെ സ്‌പോർട്‌സ് കോംപ്ലെക്‌സ് നിർമ്മിക്കാൻ അദ്ദേഹം അഞ്ച് കോടി രൂപ സംഭാവന ചെയ്തിരുന്നു. പെൺകുട്ടികളുടെ സ്‌പോർട്‌സ് കോംപ്ലെക്‌സ് പണിയാനും അഞ്ച് കോടി രൂപ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

യൂസഫലിയുടെ നിക്ഷേപ വാഗ്ദാനത്തെ നിറഞ്ഞമനസോടെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. പദ്ധതിക്കു വേണ്ട ഭൂമി ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലുലു ഗ്രൂപ്പിന് അനുവദിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുപി ജയിൽ മന്ത്രി ബൽവന്ത് സിംഗ് രാമുവാലിയ, ഡിംപിൾ യാദവ് എംപി, യുപി ചീഫ് സെക്രട്ടറി അലോക് രഞ്ജൻ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.