ലുലു ഗ്രൂപ്പ് ഈജിപ്തിൽ 2000 കോടിയുടെ നിക്ഷേപം നടത്തും

Posted on: December 20, 2015

 

ലുലു ഗ്രൂപ്പിന്റെ 119-ാമത്തെ ഹൈപ്പർമാർക്കറ്റ് ഈജിപ്തിലെ കെയ്‌റോയിൽ ഈജിപ്ത് വ്യാപാരവകുപ്പ് മന്ത്രി ഖാലിദ് ഹനാഫി ഉദ്ഘാടനം ചെയ്യുന്നു. കെയ്‌റോ ഗവർണർ ഗലാൽ അൽ സയിദ്, യു.എ.ഇ. ചാർജ്ജ് ഡി അഫയേഴ്‌സ്ഖലീഫ തുനൈജി, ഈജിപ്തിലെ ഇന്ത്യൻ സ്ഥാനപതി സജ്ഞയ് ഭട്ടാചാര്യ, ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലി, സിഇഒ. സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി തുടങ്ങിയവർ സമീപം.

ലുലു ഗ്രൂപ്പിന്റെ 119-ാമത്തെ ഹൈപ്പർമാർക്കറ്റ് ഈജിപ്തിലെ കെയ്‌റോയിൽ ഈജിപ്ത് വ്യാപാരവകുപ്പ് മന്ത്രി ഖാലിദ് ഹനാഫി ഉദ്ഘാടനം ചെയ്യുന്നു. കെയ്‌റോ ഗവർണർ ഗലാൽ അൽ സയിദ്, യു.എ.ഇ. ചാർജ്ജ് ഡി അഫയേഴ്‌സ്ഖലീഫ തുനൈജി, ഈജിപ്തിലെ ഇന്ത്യൻ സ്ഥാനപതി സജ്ഞയ് ഭട്ടാചാര്യ, ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലി, സിഇഒ. സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി തുടങ്ങിയവർ സമീപം.

കെയ്‌റോ : ലുലു ഗ്രൂപ്പ് ഈജിപ്തിൽ മൂന്ന് ബില്യൺ ഈജിപ്യൻ പൗണ്ടിന്റെ (2000 കോടി രൂപ) മൂലധന നിക്ഷേപം നടത്തും. രണ്ട് വർഷത്തിനുള്ളിൽ ഈജിപ്തിൽ 10 ഹൈപ്പർമാർക്കറ്റുകൾ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ആദ്യപടിയായി കെയ്‌റോയിൽ ലുലു ഗ്രൂപ്പിന്റെ 119 ാമത് ഹൈപ്പർമാർക്കറ്റ് തുറന്നു. ഈജിപ്ത് വ്യാപാരവകുപ്പ് മന്ത്രി ഖാലിദ് ഹനാഫി  ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

റീട്ടെയ്ൽ രംഗത്തെ നാല് ദശകങ്ങളായുള്ള തങ്ങളുടെ പ്രവർത്തന പരിചയം ഈജിപ്തിലെ റീട്ടയിൽ മേഖലയിൽ പ്രമുഖസ്ഥാനം നേടാൻ സഹായിക്കുമെന്ന്  ലുലുഗ്രൂപ്പ് മേധാവി എം.എ. യൂസഫലി പറഞ്ഞു. ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഈജിപ്ത് വളരെ പ്രധാനപ്പെട്ട ഒരു മാർക്കറ്റാണ്. ലുലു ബ്രാൻഡ് ഈജിപ്ത്കാർക്കിടയിൽ പ്രസിദ്ധമാണ്. ഈജിപ്തിലെ തദ്ദേശീയമായ കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി ഒരു ഭക്ഷ്യസംസ്‌കരണശാല ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കെയ്‌റോ ഗവർണർ ഗലാൽ അൽ സയിദ്, ഈജിപ്ത് പ്രധാനമന്ത്രിയുടെ ഉപദേശകൻ മുഹമ്മദ് അബ്ദുൾ സയ്ദ്, ഈജിപ്തിലെ യു.എ.ഇ. ചാർജ്ജ് ഡി അഫയേഴ്‌സ്ഖലീഫ തുനൈജി, ഈജിപ്തിലെ ഇന്ത്യൻ സ്ഥാനപതി സജ്ഞയ് ഭട്ടാചാര്യ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ലുലു സിഇഒ. സൈഫി രൂപാവാല, ഗ്രൂപ്പ് ഡയറക്ടർമാരായ മുഹമ്മദ് അൽത്താഫ്, എം.എ. സലീം തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

കെയ്‌റോ സക്കീർ ഹുസൈൻ റോഡിൽ പോലീസ് അക്കാദമിക്ക് എതിർവശം ട്വിൻ പ്ലാസയിലാണ് ലുലു ഹൈപ്പർമാർക്കറ്റ്. 1,70,000 ചതുരശ്രയടി വലിപ്പമുള്ള കെയ്‌റോവിലെ പുതിയ ഹൈപ്പർമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്‌സ്, ഐ.ടി., ഹോം അപ്ലയൻസ്, വസ്ത്രങ്ങൾ തുടങ്ങി ലോകോത്തരമായ എല്ലാ ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ഹൈപർമാർക്കറ്റുകളുള്ള ലുലുഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഏഷ്യൻ രാജ്യങ്ങളിലും പ്രവേശിക്കാൻ ഒരുങ്ങുകയാണ്. അടുത്ത വർഷം മാർച്ചോടെ മലേഷ്യയിലും ഇന്തോനേഷ്യയിലുമായിപുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കും.