ആഭ്യന്തര വിമാനയാത്രക്കാരിൽ 19 ശതമാനം വളർച്ച

Posted on: November 20, 2015

IndiGo-Bus-big

ന്യൂഡൽഹി : രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഒക്‌ടോബറിൽ 19 ശതമാനം വർധിച്ച് 70.39 ലക്ഷമായി. 2014 ഒക്‌ടോബറിൽ 59.25 ലക്ഷം പേരായിരുന്നു ആഭ്യന്തരയാത്രക്കാർ. 25.90 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത ഇൻഡിഗോ ഒന്നാം സ്ഥാനം നിലനിർത്തി. വിപണി വിഹിതം 36.8 ശതമാനം. ഓൺ ടൈം പെർഫോമൻസിൽ (ഒടിപി) 89.6 ശതമാനം നേട്ടത്തോടെ ഇൻഡിഗോ ആണ് മുന്നിൽ.

സ്‌പൈസ്‌ജെറ്റാണ് ഏറ്റവും കൂടുതൽ ലോഡ്ഫാക്ടർ കൈവരിച്ചത് – 93 ശതമാനം. ഒടിപി 86.9 ശതമാനം. ജെറ്റ് എയർവേസിലും ജെറ്റ്‌ലൈറ്റിലും കൂടി 14.95 ലക്ഷം പേർ യാത്ര ചെയ്തു. വിപണിവിഹിതം യഥാക്രമം 18.80 ശതമാനം, 2.60 ശതമാനം. ഒടിപി 85.3 ശതമാനം.

എയർ ഇന്ത്യയിൽ 10.88 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു. വിപണി വിഹിതം 15.5 ശതമാനം. ഒടിപി 75.5 ശതമാനം. 8.4 ശതമാനം വിപണിവിഹിതമുള്ള ഗോ എയറിൽ 5.94 ലക്ഷം പേരാണ് യാത്രചെയ്തത്. എയർ ഏഷ്യ (ഇന്ത്യ)യിൽ 1.50 ലക്ഷവും വിസ്താരയിൽ 1.23 ലക്ഷവും പേർ യാത്രചെയ്തു.

യാത്രക്കാരുമായി ബന്ധപ്പെട്ട 727 പരാതികളാണ് ഡിജിസിഎക്ക് ലഭിച്ചത്. അവയിൽ 11 എണ്ണം മാത്രമാണ് ആഭ്യന്തര വിമാനയാത്രയുമായി ബന്ധപ്പെട്ടുള്ളത്. 2015 ജനുവരി – ഒക്‌ടോബർ കാലത്ത് രാജ്യത്ത് 6.61 കോടി പേർ ആഭ്യന്തര വിമാനയാത്ര നടത്തി. 2014 ൽ ആദ്യത്തെ 10 മാസക്കാലത്ത് 5.51 കോടി പേരായിരുന്നു ആഭ്യന്തര യാത്രക്കാർ.